Thursday, November 20, 2008

ഉപരോധം: ഇന്ധനവും ധാന്യവുമില്ല; ഗസ്സ പട്ടിണിയിലേക്ക്

ഗസ്സ: ഇസ്രായേലി ഉപരോധത്തെ തുടര്‍ന്ന് ഇന്ധന- ഭക് ഷ്യ ക്ഷാമം നേരിടുന്ന ഫലസ്തീനിലെ ഗസ്സ പട്ടിണിയുടെ വക്കില്‍. ഗസ്സാ ചീന്തിലെ റൊട്ടിക്കടകളിലധികവും ഇതിനകം അടച്ചുപൂട്ടി. തുച്ഛമായ തോതില്‍ റൊട്ടി നിര്‍മാണം നടത്തുന്ന ബാക്കിയുള്ള ബേക്കറികള്‍ രണ്ട് ദിവസത്തിനകം പൂട്ടാന്‍ നിര്‍ബന്ധിതമാകും. ഇസ്രായേല്‍ ഉപരോധത്തിന് കീഴില്‍ ഒന്നര വര്‍ഷമായി കഴിയുന്ന ഗസ്സാവാസികള്‍ അതിദയനീയ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഈ മാസം നാലിന് ഗസ്സയുമായുള്ള അതിര്‍ത്തികള്‍ അടച്ച ഇസ്രായേല്‍ ഐക്യരാഷ്ട്ര സഭയുടെയും അറബ് രാജ്യങ്ങളുടെയും മറ്റും അഭ്യര്‍ത്ഥന അവഗണിച്ച് അഞ്ച് അതിര്‍ത്തികളും അടച്ചിടുന്നത് തുടരുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ഗസ്സയിലെ 47 റൊട്ടി ബേക്കറികളില്‍ 27ഉം ഇതിനകം പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. ബാക്കിയുള്ളവ ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതിര്‍ത്തി തുറക്കാത്ത പക്ഷം ഇവയും അടുത്ത ദിവസങ്ങളില്‍ നിര്‍ത്തേണ്ട ഗതിയാണ്. ബേക്കറികള്‍ക്ക് മുന്നില്‍ ഭക്ഷണം വാങ്ങാനെത്തിയവരുടെ നീണ്ടനിരകള്‍ രൂപപ്പെട്ടു. എന്നാല്‍ എല്ലാവര്‍ക്കും ആവശ്യമായ അളവില്‍ ലഭ്യമല്ല. അതിര്‍ത്തി അടച്ചതോടെ ഇന്ധനവും ഭക് ഷ്യധാന്യങ്ങളും എത്തുന്നത് പതിനേഴ് ദിവസമായി നിലച്ചത് ഗസ്സയിലെ പതിനഞ്ച് ലക്ഷം ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്. ഇന്ധനക്ഷാമം മൂലം മിക്ക ആശുപത്രികളും ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തീറ്റ ലഭിക്കാതെ ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തൊടുങ്ങിയത്. അതിര്‍ത്തി തുറക്കാത്ത പക്ഷം ഗസ്സ കനത്ത ദുരന്തത്തിനിരയാകുമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ അഭയാര്‍ത്ഥി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

No comments: