Sunday, November 16, 2008

ബുഷിന്‍റെ നയങ്ങള്‍ ശീതയുദ്ധാന്തരീക്ഷം സൃഷ്ടിച്ചു- ഗോര്‍ബച്ചേവ്


ബേണ്‍: ജോര്‍ജ് ബുഷിന്‍റെ പല നയനിലപാടുകളും റഷ്യക്കും അമേരിക്കക്കുമിടയില്‍ ശീതസമര കാലത്തേതിന് സമാനമായ അന്തരീക്ഷം പുന:സൃഷ്ടിക്കാനിടയാക്കിയതായി സോവിയറ്റ് യൂനിയന്‍ മുന്‍ പ്രസിഡന്‍റ് മിഖായേല്‍ ഗോര്‍ബച്ചേവ്. ബുഷിന്‍റെ എട്ട് വര്‍ഷങ്ങള്‍ ലോകത്തെ അസ്വസ്ഥ മേഖലകളാക്കി മാറ്റി. ഇക്കാലയളവില്‍ ചര്‍ച്ചയുടെയും സംവാദത്തിന്‍റെയും ഭാഷ മൃതിയടഞ്ഞതായും അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോര്‍ബച്ചേവ് അഭിപ്രായപ്പെട്ടു.

വലിയ മാറ്റമാണ് പുതിയ പ്രസിഡന്‍റ് ബറാക് ഒബാമയില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയത് അക്കാരണത്താലാണ്. മാറ്റം സൃഷ്ടിക്കുകയെന്ന ഭാരിച്ച‍ ഉത്തരവാദിത്തം ഒബാമക്കുണ്ട്. ക്രമപ്രവൃദ്ധമായ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അധികാരമേറ്റ് നൂറ് നാള്‍ക്കകം വ്യതിരിക്തത അനുഭവപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മാറ്റം അനുഭവപ്പെടാത്ത പക്ഷം അത് ലോകത്തിന് വന്‍ ആഘാതമായിരിക്കും. ബുഷിനെ ഇത്രകാലം സഹിച്ച ലോകം മാറ്റം കൊതിക്കുകയാണ്. നേരെ മറിച്ച് സംഭവിക്കുന്ന പക്ഷം ഡെമോക്രാറ്റുകളുടെ വിശ്വാസ്യത നഷ്ടപ്പെടും.

അന്തര്‍ദേശീയ തലത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവാത്തത് ലോകനേതാക്കളുടെ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശീതയുദ്ധം അവസാനിച്ച് പതിനെട്ട് വര്‍ഷം പിന്നിടുമ്പോള്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും പെരുകിവരികയാണ്. ദരിദ്രരുടെ എണ്ണം വര്‍ധിക്കുകയും പാരിസ്ഥിതിക പ്രശ്നങ്ങള്‍ വഷളാവുകയും ചെയ്യുന്നു. മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുന്നതിനുള്ള മത്സരവേദിയെന്ന നിലയില്‍ നിന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള സംഘര്‍ഷവേദിയായിരിക്കുന്നു രാഷ്ട്രീയം. അവബോധമുള്ള രാഷ്ട്രീയക്കാരുടെ എണ്ണം ശുഷ്കിച്ചുവരികയാണ്. അത്തരക്കാരുടെ ശബ്ദമല്ല മാധ്യമങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. കിടയറ്റ രാഷ്ട്രീയ നേതൃത്വത്തിന്‍റെ അഭാവം കൂടുതല്‍ പ്രകടമാണ്. ഈ സാഹചര്യത്തില്‍ വിശ്വാസ്യതയും സുതാര്യതയും പുലര്‍ത്തുന്ന ഭരണകൂടങ്ങളാണ് ഇന്നാവശ്യം. ഇപ്പോള്‍ അനുഭവപ്പെടുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ലോക സമ്പദ്ഘടനയിലും ധനവ്യവസ്ഥയിലും ഗൗരവതരമായ പരിഷ്കാരങ്ങള്‍ അനിവാര്യമാണെന്ന് ഗോര്‍ബച്ചേവ് അഭിപ്രായപ്പെട്ടു. ഗ്രീന്‍ പീസ് സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ സംബന്ധിക്കാനാണ് ഗോര്‍ബച്ചേവ് സ്വിറ്റ്സര്‍ലന്‍റില്‍ എത്തിയത്.

3 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഗോര്‍ബച്ചേവ് അധികാരത്തിലേറിയതിനു ശേഷം റഷ്യക്കെന്തു സംഭവിച്ചു എന്ന് നമ്മള്‍ കണ്ടതാണല്ലോ. ഗോര്‍ബച്ചേവ് ഇന്ന് ജീവിച്ചിരിക്കുന്നുണ്ടൊ എന്നു പോലും ലോകം ഓര്‍ക്കുന്നില്ല എന്നതാണ് വാസ്തവം. ആരിലും അമിത പ്രതീക്ഷ പുലര്‍ത്താതിരിക്കുന്നതായിരിക്കും നല്ലത്. എല്ലാം കാത്തിരുന്നു കാണാം.

മിഡിലീസ്റ്റ് ന്യൂസ് said...

@ മോഹന്‍ പുത്തന്‍ചിറ,
തീര്‍ച്ചയായും കാത്തിരുന്നു കാണേണ്ടതു തന്നെ. എങ്കിലും ചെറിയ മാറ്റമെങ്കിലും ഉണ്ടാകുമെന്നാണ് ലോകം പൊതുവെ പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ വിദേശനയത്തില്‍ കാര്യമായ മാറ്റം വരണമെന്നാണ് ലോകത്തിന്‍റെ അതിയായ ആഗ്രഹമെന്ന് തോന്നുന്നു. ഇറാഖില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം, ഗ്വാണ്ടനാമോ അടച്ചുപൂട്ടല്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ആവര്‍ത്തിക്കുകയുണ്ടായി. ഏതായാലും കാത്തിരിക്കാം, പ്രതീക്ഷയോടെ തന്നെ.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കാത്തിരുന്നു കാണാം!