Sunday, November 23, 2008

അബ്ബാസിന്‍റെ ഇടക്കാല തെരഞ്ഞെടുപ്പ് ഭീഷണി ഹമാസ് തള്ളി


റാമല്ല: വര്‍ഷാവസാനത്തോടെ ഫതഹും ഹമാസും തമ്മില്‍ അനുരഞ്ജനം സാധ്യമായില്ലെങ്കില്‍ അടുത്ത വര്ഷം ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന ഫലസ്തീന്‍ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന്‍റെ പ്രസ്താവന ഹമാദ് തള്ളി. അബ്ബാസിന്‍റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അഭിപ്രായപ്പെട്ട ഹമാസ് നേതാക്കള്‍, സമവായ ചര്‍ച്ച തുടരണമെന്ന് ആവശ്യപ്പെട്ടു.

ഇന്നലെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ കേന്ദ്ര സമിതി യോഗത്തെ അഭിസംബോധന ചെയ്യവെയാണ് അബ്ബാസ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ മടിക്കില്ലെന്ന് സൂചന നല്‍കിയത്. സമവായമുണ്ടാകാത്ത പക്ഷം തെരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്‍ഷ്യല്‍ ഉത്തരവിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്നാപൊലിസ് ചര്‍ച്ചയില്‍ ഇസ്രായേല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് പറഞ്ഞ അബ്ബാസ്, ഫലസ്തീന്‍- ഇസ്രായേല്‍ പ്രശ്നപരിഹാരത്തിനുള്ള അറബ് ശ്രമങ്ങളെ പിന്തുണക്കണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഒളിയജണ്ട വ്യക്തമാക്കുന്നതാണ് അബ്ബാസിന്‍റെ പ്രസ്താവനയെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം അഭിപ്രായപ്പെട്ടു. ഇടക്കാല തെരഞ്ഞെടുപ്പ് പൂര്‍ണമായും തള്ളിക്കളയുന്നതായി മുതിര്‍ന്ന ഹമാസ് നേതാവ് മഹ് മൂദ് സഹാര്‍ വ്യക്തമാക്കി. വെസ്റ്റ് ബാങ്കില്‍ ഹമാസ് പ്രവര്‍ത്തകരുടെ അറസ്റ്റ് അവസാനിപ്പിക്കുകയും മറുപക്ഷം അമേരിക്കന്‍ സയണിസ്റ്റ് അജണ്ടക്ക് കീഴ്പ്പെടുകയും ചെയ്യാത്ത സമവായ ചര്‍ച്ചകള്‍ തുടര്‍ന്നും സാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധിനിവേശവിരുദ്ധ ചെറുത്തുനില്പിനെ നിയമവിരുദ്ധമായി പരിഗണിക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ദമസ്കസില്‍ പറഞ്ഞു.

അതേസമയം, ഫതഹ് ഹമാസുമായി ചര്‍ച്ച നടത്തുന്നതിന് അമേരിക്കയുടെയും ഇസ്രായേലിന്‍റെയും വിലക്കുണ്ടെന്ന ആരോപണം അബ്ബാസ് നിഷേധിച്ചു. അബ്ബാസിന്‍റെ കാലാവധി ജനുവരി എട്ടിന് തീരുകയാണ്. അതിന് ശേഷം അബൂമാസിന്‍റെ അധികാരം അംഗീകരിക്കില്ലെന്ന് ഹമാസും മറ്റ് പോരാട്ട സംഘടനകളും വ്യക്തമാക്കിയിരുന്നു. 2010 വരെ തനിക്ക് കാലാവധിയുണ്ടെന്നാണ് അബ്ബാസിന്‍റെ വാദം.

2006 ജനുവരി 25ന് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ഹമാസ് 56% സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു. ഹമാസിന്‍റെ ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയായ സര്‍ക്കാരിനെ അബ്ബാസ് അധികം താമസിയാതെ പിരിച്ചുവിടുകയായിരുന്നു.

എന്നാല്‍, ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അബ്ബാസിന്‍റെയും പി.എല്‍.ഒവിന്‍റെയും ആധിപത്യം പടിഞ്ഞാറെ കരയില്‍ ഒതുങ്ങുന്നതാണ്. ഗസ്സ ഹമാസിന്‍റെ ശക്തികേന്ദ്രമായതിനാല്‍ ഹമാസിന്‍റെ പിന്തുണയില്ലാതെ തെരഞ്ഞെടുപ്പ് സാധ്യമല്ല.

Thursday, November 20, 2008

ഉപരോധം: ഇന്ധനവും ധാന്യവുമില്ല; ഗസ്സ പട്ടിണിയിലേക്ക്

ഗസ്സ: ഇസ്രായേലി ഉപരോധത്തെ തുടര്‍ന്ന് ഇന്ധന- ഭക് ഷ്യ ക്ഷാമം നേരിടുന്ന ഫലസ്തീനിലെ ഗസ്സ പട്ടിണിയുടെ വക്കില്‍. ഗസ്സാ ചീന്തിലെ റൊട്ടിക്കടകളിലധികവും ഇതിനകം അടച്ചുപൂട്ടി. തുച്ഛമായ തോതില്‍ റൊട്ടി നിര്‍മാണം നടത്തുന്ന ബാക്കിയുള്ള ബേക്കറികള്‍ രണ്ട് ദിവസത്തിനകം പൂട്ടാന്‍ നിര്‍ബന്ധിതമാകും. ഇസ്രായേല്‍ ഉപരോധത്തിന് കീഴില്‍ ഒന്നര വര്‍ഷമായി കഴിയുന്ന ഗസ്സാവാസികള്‍ അതിദയനീയ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഈ മാസം നാലിന് ഗസ്സയുമായുള്ള അതിര്‍ത്തികള്‍ അടച്ച ഇസ്രായേല്‍ ഐക്യരാഷ്ട്ര സഭയുടെയും അറബ് രാജ്യങ്ങളുടെയും മറ്റും അഭ്യര്‍ത്ഥന അവഗണിച്ച് അഞ്ച് അതിര്‍ത്തികളും അടച്ചിടുന്നത് തുടരുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ഗസ്സയിലെ 47 റൊട്ടി ബേക്കറികളില്‍ 27ഉം ഇതിനകം പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. ബാക്കിയുള്ളവ ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതിര്‍ത്തി തുറക്കാത്ത പക്ഷം ഇവയും അടുത്ത ദിവസങ്ങളില്‍ നിര്‍ത്തേണ്ട ഗതിയാണ്. ബേക്കറികള്‍ക്ക് മുന്നില്‍ ഭക്ഷണം വാങ്ങാനെത്തിയവരുടെ നീണ്ടനിരകള്‍ രൂപപ്പെട്ടു. എന്നാല്‍ എല്ലാവര്‍ക്കും ആവശ്യമായ അളവില്‍ ലഭ്യമല്ല. അതിര്‍ത്തി അടച്ചതോടെ ഇന്ധനവും ഭക് ഷ്യധാന്യങ്ങളും എത്തുന്നത് പതിനേഴ് ദിവസമായി നിലച്ചത് ഗസ്സയിലെ പതിനഞ്ച് ലക്ഷം ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്. ഇന്ധനക്ഷാമം മൂലം മിക്ക ആശുപത്രികളും ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തീറ്റ ലഭിക്കാതെ ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തൊടുങ്ങിയത്. അതിര്‍ത്തി തുറക്കാത്ത പക്ഷം ഗസ്സ കനത്ത ദുരന്തത്തിനിരയാകുമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ അഭയാര്‍ത്ഥി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

വെസ്റ്റ് ബാങ്കില്‍ ഒരാഴ്ചക്കിടെ മുപ്പത് തവണ ഇസ്രായേല്‍ കടന്നുകയറ്റം


റാമല്ല: ഫലസ്തീനിലെ ഗസ്സാ ചീന്തിന് മേലുള്ള ഉപരോധത്തിന് സമാന്തരമായി പടിഞ്ഞാറെ കരയില്‍ ( വെസ്റ്റ്ബാങ്ക് ) ഇസ്രായേല്‍ സൈന്യത്തിന്‍റെ കടന്നുകയറ്റം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. വെസ്റ്റ്ബാങ്കിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കടന്ന് ഫലസ്തീനികളെ റാഞ്ചുന്നത് പതിവാക്കിയിരിക്കയാണ് അധിവേശ സൈന്യം. തദ്ദേശീയര്‍ക്കും വീടുകള്‍ക്കും നേരെ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുന്നതും ആക്രമണം നടത്തുന്നത് സൈന്യത്തിന് നിത്യവിനോദമാണെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
ഈ മാസം പതിമൂന്ന് മുതല്‍ പത്തൊമ്പത് വരെയുള്ള വാരത്തില്‍ മാത്രം മുപ്പത് തവണയാണ് സയണിസ്റ്റ് സേന റെയ്ഡ് ചെയ്തത്. ഇക്കാലയളവില്‍ രണ്ട് കുട്ടികളടക്കം 44 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. 29 പേരെയാണ് തലേ ആഴ്ചയില്‍ പിടിച്ചുകൊണ്ടുപോയത്. ചൊവ്വാഴ്ച ( നവംബര്‍ 18 ) പതിനാറ് പേരെയാണ് അല്‍ഫവാര്‍ അഭയാര്‍‍ത്ഥി ക്യാമ്പില്‍ നിന്ന് മാത്രമായി സൈന്യം റാഞ്ചിയത്. ഇതോടെ ഈ വര്‍ഷം വെസ്റ്റ് ബാങ്കില്‍ നിന്ന് ഇസ്രായേല്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 2184 ആയി.
അവലംബം: ഖുദ്സ് പ്രസ്

Monday, November 17, 2008

ഇറാഖില്‍ നിന്ന് പിന്‍മാറും; അല്‍ഖാഇദയെ തകര്‍ക്കും- ഒബാമ


വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്‍റ് അധികാരമേല്‍ക്കുന്നതോടെ അമേരിക്കന്‍ വിദേശനയത്തില്‍ ആശാവഹമായ മാറ്റം വരുമെന്ന് പ്രതീക്ഷ. ഇറാഖില്‍ നിന്ന് ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കുമെന്നും ഗ്വാണ്ടനാമോ ക്യാമ്പ് അടച്ചുപൂട്ടുമെന്നും ഒബാമ വ്യക്തമാക്കി. തന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് സി.ബി.എസ് ചാനലിലെ '60 മിനിറ്റ്' പരിപാടിയില്‍‍ ഒബാമ പറഞ്ഞു.
ജനുവരി ഇരുപതിന് അധികാരമേറ്റാലുടന്‍ സൈനിക, സുരക്ഷാ മേധാവികളുമായി ആലോചിച്ച് ഇറാഖില്‍ നിന്ന് പിന്‍മാറുന്നതിനുള്ള സമയക്രമം തയാറാക്കും. അഫ്ഗാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ അനുദിനം സ്ഥിതി വഷളാവുകയാണ്. അല്‍ഖാഇദയെ ശാശ്വതമായി തകര്‍ക്കാതെ തരമില്ല. അതിനാണ് പ്രഥമ പരിഗണനയും- ഒബാമ പറഞ്ഞു.ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടും. ലോകത്തിന് മുന്നില്‍ അമേരിക്കയുടെ നല്ല ചിത്രം പുനരാവിഷ്കരിക്കാനാണ് ശ്രമമെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു.

Sunday, November 16, 2008

ബുഷിന്‍റെ നയങ്ങള്‍ ശീതയുദ്ധാന്തരീക്ഷം സൃഷ്ടിച്ചു- ഗോര്‍ബച്ചേവ്


ബേണ്‍: ജോര്‍ജ് ബുഷിന്‍റെ പല നയനിലപാടുകളും റഷ്യക്കും അമേരിക്കക്കുമിടയില്‍ ശീതസമര കാലത്തേതിന് സമാനമായ അന്തരീക്ഷം പുന:സൃഷ്ടിക്കാനിടയാക്കിയതായി സോവിയറ്റ് യൂനിയന്‍ മുന്‍ പ്രസിഡന്‍റ് മിഖായേല്‍ ഗോര്‍ബച്ചേവ്. ബുഷിന്‍റെ എട്ട് വര്‍ഷങ്ങള്‍ ലോകത്തെ അസ്വസ്ഥ മേഖലകളാക്കി മാറ്റി. ഇക്കാലയളവില്‍ ചര്‍ച്ചയുടെയും സംവാദത്തിന്‍റെയും ഭാഷ മൃതിയടഞ്ഞതായും അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോര്‍ബച്ചേവ് അഭിപ്രായപ്പെട്ടു.

വലിയ മാറ്റമാണ് പുതിയ പ്രസിഡന്‍റ് ബറാക് ഒബാമയില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയത് അക്കാരണത്താലാണ്. മാറ്റം സൃഷ്ടിക്കുകയെന്ന ഭാരിച്ച‍ ഉത്തരവാദിത്തം ഒബാമക്കുണ്ട്. ക്രമപ്രവൃദ്ധമായ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അധികാരമേറ്റ് നൂറ് നാള്‍ക്കകം വ്യതിരിക്തത അനുഭവപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മാറ്റം അനുഭവപ്പെടാത്ത പക്ഷം അത് ലോകത്തിന് വന്‍ ആഘാതമായിരിക്കും. ബുഷിനെ ഇത്രകാലം സഹിച്ച ലോകം മാറ്റം കൊതിക്കുകയാണ്. നേരെ മറിച്ച് സംഭവിക്കുന്ന പക്ഷം ഡെമോക്രാറ്റുകളുടെ വിശ്വാസ്യത നഷ്ടപ്പെടും.

അന്തര്‍ദേശീയ തലത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവാത്തത് ലോകനേതാക്കളുടെ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശീതയുദ്ധം അവസാനിച്ച് പതിനെട്ട് വര്‍ഷം പിന്നിടുമ്പോള്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും പെരുകിവരികയാണ്. ദരിദ്രരുടെ എണ്ണം വര്‍ധിക്കുകയും പാരിസ്ഥിതിക പ്രശ്നങ്ങള്‍ വഷളാവുകയും ചെയ്യുന്നു. മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുന്നതിനുള്ള മത്സരവേദിയെന്ന നിലയില്‍ നിന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള സംഘര്‍ഷവേദിയായിരിക്കുന്നു രാഷ്ട്രീയം. അവബോധമുള്ള രാഷ്ട്രീയക്കാരുടെ എണ്ണം ശുഷ്കിച്ചുവരികയാണ്. അത്തരക്കാരുടെ ശബ്ദമല്ല മാധ്യമങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. കിടയറ്റ രാഷ്ട്രീയ നേതൃത്വത്തിന്‍റെ അഭാവം കൂടുതല്‍ പ്രകടമാണ്. ഈ സാഹചര്യത്തില്‍ വിശ്വാസ്യതയും സുതാര്യതയും പുലര്‍ത്തുന്ന ഭരണകൂടങ്ങളാണ് ഇന്നാവശ്യം. ഇപ്പോള്‍ അനുഭവപ്പെടുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ലോക സമ്പദ്ഘടനയിലും ധനവ്യവസ്ഥയിലും ഗൗരവതരമായ പരിഷ്കാരങ്ങള്‍ അനിവാര്യമാണെന്ന് ഗോര്‍ബച്ചേവ് അഭിപ്രായപ്പെട്ടു. ഗ്രീന്‍ പീസ് സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ സംബന്ധിക്കാനാണ് ഗോര്‍ബച്ചേവ് സ്വിറ്റ്സര്‍ലന്‍റില്‍ എത്തിയത്.

Monday, November 10, 2008

ബുഷിന്‍റെ തെമ്മാടിത്തങ്ങള്‍ക്ക് ഒബാമ വിലയൊടുക്കണം- റോബര്‍ട്ട് ഫിസ്ക്


തെറ്റിദ്ധരിപ്പിക്കലും വഞ്ചനയും മുഖേന ജോര്‍ജ് ബുഷ് ചെയ്തുകൂട്ടിയ എട്ട് വര്‍ഷത്തെ ചെയ്തികള്‍ക്ക് പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വിലയൊടുക്കണമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ബ്രിട്ടീഷ് കോളമിസ്റ്റുമായ റോബര്‍ട്ട് ഫിസ്ക്. പെരുംനുണയനും ദുഷ്ടനുമായ മുന്‍ഗാമി ലോകത്തിനും അമേരിക്കക്ക് തന്നെയും ഏല്പിച്ച കനത്ത പരിക്ക് ഒബാമ എങ്ങനെ പരിഹരിക്കുമെന്ന് ദി ഇന്‍ഡിപെന്‍ഡന്‍റ് ദിനപത്രത്തില്‍ ( 8-11-2008 ) എഴുതിയ ലേഖനത്തില്‍ ഫിസ്ക് ചോദിച്ചു.

സെപ്തംബര്‍ പതിനൊന്ന് സംഭവത്തിന് ശേഷം അമേരിക്കന്‍ ഭരണകൂടവും ഇന്‍റലിജന്‍സും അകപ്പെട്ട മാനസിക ഭ്രമത്തിന്‍റെ വ്യാപ്തിയിലേക്ക് സൂചന നല്‍കിക്കൊണ്ടാണ് ലേഖനമാരംഭിക്കുന്നത്. ശാന്തസമുദ്രത്തിലെ ഒരു ദ്വീപില്‍ അമേരിക്കന്‍ നാവികതാവളത്തിന് നേരെ ഭീകരാക്രമണം നടക്കാനിടയുണ്ടെന്ന സി.ഐ.എ റിപ്പോര്‍ട്ട് യു.എസ് ഇന്‍റലിജന്‍സും ചാരവിഭാഗവും എത്തിപ്പെട്ട വങ്കത്തത്തിന്‍റെ ആഴം കാണിക്കുന്നു. അത്തരത്തിലൊരു താവളം തന്നെ ശാന്തസമുദ്രത്തില്‍ ഇല്ലെന്നതാണ് വാസ്തവം. ഇത്തരം വങ്കത്തങ്ങള്‍ എഴുന്നള്ളിച്ചാണ് എട്ട് വര്‍ഷമായി 'ഭീകരതക്കെതിരായ യുദ്ധം' ലോകം മുഴുക്കെ വ്യാപിപ്പിക്കുന്നത്.

രാജ്യത്തിന്‍റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥനെന്ന നിലക്ക് തന്‍റെ രാജ്യം ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ലോകത്തോട് മാപ്പ് പറയാന്‍ ഒബാമ തയാറാകില്ല. എന്നാല്‍ താന്‍ ലക് ഷ്യമിടുന്ന മാറ്റത്തിന് അമേരിക്കക്ക് പുറത്ത് സാധുത ലഭിക്കണമെങ്കില്‍, തന്‍റെ രാജ്യം ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ഒബാമ മാപ്പ് പറയണമെന്നാണ് ലോകത്തിന്‍റെ ആഗ്രഹം. മുന്‍ഗാമിയുടെ ചെയ്തികള്‍ക്ക് ഒബാമ മാപ്പ് പറയണം. ഗ്വാണ്ടനാമോ ക്യാമ്പ് അടച്ചുപൂട്ടണമെന്ന് ഫിസ്ക് ആവശ്യപ്പെട്ടു.

ഭീകരതാവിരുദ്ധ യുദ്ധം എന്ന പേരില്‍ നടത്തുന്ന കാര്യങ്ങള്‍ പുനപരിശോധിക്കുകയും ഇറാഖില്‍ നിന്ന് പിന്‍മാറുകയും അവിടെ സൈനികതാവളങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും അഫ്ഗാനിഥാനിലെ സഖ്യസേനാ ആക്രമണം നിര്‍ത്തുകയും വേണം. ഇസ്രായേലിനോട് ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയാന്‍ ഒബാമ തയാറാകണം. അറബ് മണ്ണില്‍ നടത്തുന്ന കുടിയേറ്റവും ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്‍റെ ആക്രമണവും വിമര്‍ശനാതീതമെന്ന നിലപാട് തുടരാന്‍ യു.എസ്സിനാവില്ല. ഇസ്രായേല്‍ ലോബിക്ക് തടയിടാനും ഒബാമ ധൈര്യം കാട്ടണം. പാകിസ്ഥാനിലും സിറിയയിലും ആക്രമണം നടത്തുന്നത് അവസാനിപ്പിക്കുകയും ഇറാനുമായി നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്യാന്‍ പുതിയ ഭരണകൂടം സന്നദ്ധമാകണമെന്ന് ഫിസ്ക് എഴുതുന്നു. ഭീകരവിരുദ്ധ യുദ്ധത്തിന്‍റെ പേരില്‍ അമേരിക്ക നടത്തിയ വ്യാപക അറസ്റ്റിന്‍റെ ഫലമായി ആയിരക്കണക്കിന് പേരെ കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവരുടെ എണ്ണം ഇരുപതിനായിരത്തിലേറെയാണ്. അവര്‍ മുഴുവനും മുസ്ലിംകളും ഭൂരിഭാഗവും അറബികളുമാണെന്ന് ഫിസ്ക് ചൂണ്ടിക്കാട്ടി. കൂട്ടശ്മശാനങ്ങള്‍ മാത്രമാണ് ബുഷില്‍ നിന്ന് ഒബാമക്ക് അനന്തരമായി ലഭിച്ചതെന്നും വളരെയേറെ ക്ഷമാപണം ഇതാവശ്യപ്പെടുന്നുണ്ടെന്നും ഫിസ്ക് അഭിപ്രായപ്പെട്ടു.

Sunday, November 9, 2008

ഉപരോധം ലംഘിച്ച് മൂന്നാമത്തെ യൂറോപ്യന്‍ ബോട്ട് ഗസ്സയില്‍

സൈപ്രസില്‍ നിന്നെത്തിയ ബോട്ട് ഗസ്സാ തീരത്തണഞ്ഞപ്പോള്‍
ഗസ്സ: ഗസ്സക്ക് മേലുള്ള ഇസ്രായേലിന്‍റെ ഉപരോധം ലംഘിച്ച് മൂന്നാമത്തെ യൂറോപ്യന്‍ യാത്രാബോട്ട് ഇന്നലെ ഗസ്സാ തീരത്തെത്തി. ബോട്ടിലെത്തിയ സംഘത്തിന് ഗസ്സാവാസികള്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുന്‍ ബ്രിട്ടീഷ് വികസന വകുപ്പ് മന്ത്രി ക്ലയര്‍ ഷോര്‍ട്ട് അടക്കമുള്ള നിരവധി സമാധാന പ്രവര്‍ത്തകരടങ്ങിയ സംഘം മൂന്ന് ദിവസം ഗസ്സയില്‍ തങ്ങിയ ശേഷം സൈപ്രസിലേക്ക് ബോട്ടില്‍ തിരിച്ചുപോകും.

ബ്രിട്ടീഷ് എം.പി നസീര്‍ അഹ് മദ് അടക്കം നിരവധി യൂറോപ്യന്‍ എം.പിമാര്‍ സംഘത്തിലുണ്ട്.മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയും ഹമാസ് നേതാവുമായ ഇസ്മാഈല്‍ ഹനിയ്യയുമായും മറ്റും കൂടിക്കാഴ്ച നടത്തുന്ന സംഘം ആശുപത്രികളും അഭയാര്‍ത്ഥി ക്യാമ്പുകളും സന്ദര്‍ശിക്കുകയും അവശ്യ ഭക് ഷ്യ വസ്തുക്കളും മരുന്നും ചികിത്സാ സാമഗ്രികളും വിതരണം ചെയ്യുകയും ചെയ്യും. റഫാ അതിര്‍ത്തി വഹി ഗസ്സയിലെത്താനുള്ള ആഗ്രഹം ഈജിപ്ത് നിരസിച്ചതിനെ തുടര്‍ന്നാണ് കടല്‍ മാര്‍ഗം ഉപരോധം ലംഘിച്ചതെന്ന് എം.പിമാര്‍ പറഞ്ഞു.

Saturday, November 8, 2008

മുന്നൂറിലധികം ഹമാസ് പ്രവര്‍ത്തകര്‍ വെസ്റ്റ്ബാങ്കില്‍ തടവില്‍

ഗസ്സ: ഫലസ്തീനിലെ പടിഞ്ഞാറെ കരയില്‍ ( വെസ്റ്റ്ബാങ്ക് ) ഫതഹ് അധീനതയിലുള്ള സുരക്ഷാ സേനയുടെ തടവില്‍ കഴിയുന്ന ഹമാസ് പ്രവര്‍ത്തകരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായി റിപ്പോര്‍ട്ട്. അധ്യാപകരും വിദ്യാര്‍ത്ഥികളും‍ രാഷ്ട്രീയ നേതാക്കളും തടവിലുണ്ട്. ഇവരില്‍ പലരും ഒഅതിനഞ്ച് വര്‍ഷത്തിലേറെയായി ഫതഹ് തടവിലാണെന്ന് അല്‍ഇസ് ലാഹ് പാര്‍ട്ടിയുടെ വനിതാ എം.പി സമീറ അല്‍ഹലായിക വെളിപ്പെടുത്തി. അനുരഞ്ജന ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് കഴിഞ്ഞ മാസം തങ്ങളുടെ തടവിലുള്ള ഫതഹ് അനുയായികളെ ഹമാസ് വിട്ടയച്ചെങ്കിലും ഫതഹ് അനുകൂല നടപടിക്ക് തയാറാകാത്തത് അനുരഞ്ജന ചര്‍ച്ച തടസപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.


ഹമാസ് അനുകൂലികളായ തടവുകാരെ സൈനികര്‍ ക്രൂരമായി മര്‍ദിക്കുന്നതായി സമീറ പറയുന്നു. അതേസമയം വെസ്റ്റ്ബാങ്കില്‍ ഹമാസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന നടപടി സുരക്ഷാ സേന തുടരുകയാണത്രെ. മുപ്പതോളം പേരെ വെള്ളിയാഴ്ച മാത്രം പിടികൂടിയതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വെസ്റ്റ്ബാങ്കില്‍ ഒരൊറ്റ രാഷ്ട്രീയ തടവുകാരന്‍ പോലുമില്ലെന്നും സാമ്പത്തിക, സൈനിക, സുരക്ഷാ കാരണങ്ങളാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതെന്നുമാണ് സുരക്ഷാ സേനയുടെ ന്യായീകരണം.

അവലംബം: അല്‍ജസീറ

ഒബാമയുമായി ചര്‍ച്ചക്ക് തയാര്‍- ഹമാസ്


ദമസ്കസ്: അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമക്ക് ഫലസ്തീന്‍ ചെറുത്തുനില്പ് പ്രസ്ഥാനമായ ഹമാസിന്‍റെ അഭിനന്ദനം. ഒരു ആഫ്രോ അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്‍റെ സൂചനയാണെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ അഭിപ്രായപ്പെട്ടു.

ഒബാമയുമായി ചര്‍ച്ചക്ക് തയാറാണെന്ന് മിശ്അല്‍ സ്കൈ ന്യൂസിനോട് പറഞ്ഞു. തങ്ങളുടെ അവകാശങ്ങളെ മാനിക്കുന്ന പക്ഷം തുറന്ന മനസോടെ ചര്‍ച്ചക്ക് സന്നദ്ധമാണ്. ഫലസ്തീനിലെ പ്രബല കക്ഷിയെന്ന നിലക്ക് ഹമാസിനെ മാറ്റിനിര്‍ത്തിയുള്ള സമാധാന ശ്രമങ്ങള്‍ ഫലം കാണില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്തീന്‍ അനുരഞ്ജന ചര്‍ച്ച മാറ്റിവെച്ചു

കെയ്റോ: തിങ്കളാഴ്ച കെയ്റോയില്‍ തുടങ്ങാനിരുന്ന ഫലസ്തീന്‍ അനുരഞ്ജന ചര്‍ച്ച അനിശ്ചിതമായി മാറ്റിവെച്ചു. ഹമാസിന്‍റെ ആവശ്യപ്രകാരമാണിതെന്ന് ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു. പടിഞ്ഞാറെ കരയില്‍ ( വെസ്റ്റ് ബാങ്ക് ) തടവില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ ഫതഹ് തയാറാകാത്തതും ചര്‍ച്ചയില്‍ മുഴുക്കെ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസ് പങ്കെടുക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിനിടയാക്കിയതെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും ജനകീയ മുന്നണിയും വ്യക്തമാക്കി. ഇതോടെ സഖ്യസര്‍ക്കാര്‍ രൂപവത്കരണം കൂടുതല്‍ പ്രയാസകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

വെസ്റ്റ്ബാങ്കിലെ തടവുകാരുടെ മോചനമാവശ്യപ്പെട്ട് ഹമാസ് സംഘടിപ്പിച്ച റാലി

ഈജിപ്ത് തയാറാക്കിയ അനുരഞ്ജന ചര്‍ച്ചാ അജണ്ടയില്‍ ചില അടിസ്ഥാന ഭേദഗതികള്‍ വരുത്തണമെന്ന് ഹമാസ്, അല്‍ജിഹാദ്, ജനകീയ മുന്നണി തുടങ്ങിയ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഈജിപ്ത് പൂര്‍ണമായും തള്ളിയതാണ് അനുരഞ്ജന ചര്‍ച്ച മാറ്റിവെക്കുന്നതിലെത്തിച്ചത്.

അനുരഞ്ജന ചര്‍ച്ചക്ക് മുന്നോടിയായി ഗാസയില്‍ തടവിലായിരുന്ന ഫതഹ് അനുയായികളെ ഹമാസ് മോചിപ്പിച്ചിരുന്നു. എന്നാല്‍ പടിഞ്ഞാറെ കരയില്‍ ഫതഹ് നിയന്ത്രണത്തിലുള്ള സുരക്ഷാ സേന തടവിലാക്കിയവരെ വിട്ടയച്ചിട്ടില്ല. ഇത് ഹമാസിനെയും മറ്റ് പോരാട്ട സംഘടനകളെയും ചൊടിപ്പിച്ചു. തടവിലുള്ളവരെ മോചിപ്പിക്കാത്ത പക്ഷം അനുരഞ്ജനനീക്കം വഴിമുട്ടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെസ്റ്റ് ബാങ്കില്‍ തടവ് തുടരുന്നതില്‍ പ്രതിഷേധിച്ച് ഹമാസ് കഴിഞ്ഞ ദിവസം കൂറ്റന്‍ പ്രകടനം സംഘടിപ്പിച്ചിരുന്നു. മഹ് മൂദ് അബ്ബാസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രീതി മാറ്റണമെന്നും പോരാട്ട സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Saturday, November 1, 2008

യൂസുഫ്...... പ്രായം കുറഞ്ഞ തടവുകാരന്‍

യൂസുഫ് ഉമ്മയോടൊപ്പം
യൂസുഫ്- സൗന്ദര്യത്തിന്‍റെ മകുടോദാഹരണമായി വേദങ്ങള്‍ വര്‍ണിച്ച പുണ്യപ്രവാചകന്‍റെ നാമം. ഇവിടെ നാം കണ്ടുമുട്ടുന്ന യൂസുഫ് എന്ന കുരുന്നും വശ്യസുന്ദരമായ പുഞ്ചിരി കൊണ്ട് ആരുടെയും കണ്ണിലുണ്ണിയാവും. പാല്‍പുഞ്ചിരി തൂകുന്ന യൂസുഫ് എന്ന ഒമ്പത് മാസം മാത്രം പ്രായമുള്ള ഫലസ്തീന്‍ കുഞ്ഞ് പിറന്നുവീണത് അസ്വാതന്ത്ര്യത്തിന്‍റെ തൊട്ടിലിലേക്കായിരുന്നു. പിതാവിനും സഹോദരങ്ങള്‍ക്കും ഇതുവരെ ഇവനെ ഒരുനോക്ക് കാണാനായിട്ടില്ല. ഇസ്രായേല്‍ തടവറയില്‍ കഴിയുന്ന 11600ലധികം ഫലസ്തീനികളില്‍ ഇളയവനാണ് യൂസുഫ്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനും.



പതിനാറ് മാസം മുമ്പാണ് യൂസുഫിന്‍റെ മാതാവ് ഫാത്വിമയെ അധിനിവേശ സൈന്യം തടവിലാക്കിയത്. മൂന്ന് മാസം ഗര്‍ഭിണിയായ അവര്‍ ചാവേറാക്രമണത്തിന് ഒരുക്കം നടത്തുന്നുവെന്ന കേവലം സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജയിലില്‍ അവര്‍ യൂസുഫിന് ജന്‍മം നല്‍കി. തടവിലായ ശേഷം ഇതുവരെ ഭര്‍ത്താവിനെയും മറ്റ് മക്കളെയും കാണാന്‍ പോലും അനുവദിച്ചില്ല. എന്നെങ്കിലും സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാനാവുമെന്ന പ്രതീക്ഷയില്‍ പൊന്നോമനയെ ലാളിച്ച് കഴിയുകയാണ്, തടവിന്‍റെ പരിവേദനങ്ങള്‍ക്കിടയിലും ധീരയായ ഫാത്വിമ. ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കും യൗവനത്തിലേക്കുമെത്തുമ്പോള്‍ നാടിന്‍റെ സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടി അടരാടാന്‍ മകനെ പ്രാപ്തനാക്കുമെന്ന് സ്വപ്നം കാണുകയാവാം ഈ മാതാവ്.

അവലംബം: അല്‍ജസീറ ടോക്