ദോഹ : അമേരിക്കയിലെയും ബ്രിട്ടനിലെയും ജൂത പണ്ഡിതര്‍ അന്തര്‍ദേശീയ മുസ്ലിം പണ്ഡിത സഭ അധ്യക്ഷന്‍ ഡോ.യൂസുഫുല്‍ ഖറദാവിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. സയണിസ്റ്റ് വിരുദ്ധ ജൂത സംഘടനാ പ്രതിനിധികളായ അഹരോന്‍ കോഹന്‍ ( മാഞ്ചസ്റ്റര്‍ ), ഡൊവിഡ് ഷലോമൊ വില്‍ഡ്മാന്‍, യിസ്രോയെല്‍ ഡൊവിഡ് വെയ്സ് ( അമേരിക്ക ) എന്നിവരാണ് ഏറെ മാധ്യമശ്രദ്ധ നേടിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത് വേദഗ്രന്ഥമായ തോറയുടെ ശാസനകള്‍ക്ക് വിരുദ്ധമായി സ്ഥാപിതമായ ഇസ്രായേല്‍ രാഷ്ട്രം തുടച്ചുനീക്കപ്പെടേണ്ടത് ചരിത്രത്തിന്‍റെ അനിവാര്യതയാണെന്ന് വെയ്സ് കൂടിക്കാഴ്ചക്കിടെ പറഞ്ഞു. സോവിയറ്റ് സാമ്രാജ്യവും ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്ന വര്‍ണ വിവേചനവും ഇല്ലാതായതുപോലെ സയണിസ്റ്റ് രാജ്യവും നിലംപൊത്തുക തന്നെ ചെയ്യും. വേദഗ്രന്ഥത്തിനെതിരെ നിലകൊള്ളുന്നവയൊന്നും വിജയിക്കന്‍ പോകുന്നില്ല. ഇസ്രായേല്‍ അപ്രത്യക്ഷമായാലുടന്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷത്തിന് അറുതിയാവും. എന്നാല്‍ അമേരിക്കയെയും ബ്രിട്ടനെയും പോലുള്ള വന്‍ശക്തി രാഷ്ട്രങ്ങള്‍ ഇത് തിരിച്ചറിയുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ലോകത്തെങ്ങുമുള്ള വേദവിശ്വാസികളായ ജൂത പണ്ഡിതര്‍ ഇസ്രായേല്‍ രാഷ്ട്രസ്ഥാപനത്തെ എതിര്‍ത്തിരുന്നുവെന്ന് വില്‍ഡ്മാന്‍ ചൂണ്ടിക്കാട്ടി. ആ രാഷ്ട്രം ജൂതന്‍മാര്‍ക്ക് തന്നെ എതിരായിത്തീരുകയാണുണ്ടായത്. സയണിസ്റ്റ് അധിനിവേശത്തിനും ഖുദ്സ് കൈയേറ്റത്തിനും തങ്ങളെതിരാണ്. ജൂതമതത്തിന്‍റെ പേരില്‍ അധിനിവേശം നടന്നതാണ് കൂടുതല്‍ വിഷമം. സയണിസത്തിന്‍റെ ഉപജ്ഞാതാവായ ഹെര്‍ട്സല്‍ ഒരിക്കലും മതനിഷ്ഠ പുലര്‍ത്തുന്നയാളായിരുന്നില്ല. അനീതിയിലാണ് അദ്ദേഹം സയണിസം കെട്ടിപ്പടുത്തത്. യഹൂദരുടെ അജ്ഞത മുതലെടുത്ത് മതത്തെ ദേശീയതയായി വളര്‍ത്തുകയായിരുന്നു ഹെര്‍ട്സല്‍. സയണിസ്റ്റുകള്‍ ഫലസ്തീനിലെത്തിയപ്പോള്‍ 1947ല്‍ അമേരിക്കയിലെ ജൂത പുരോഹിതര്‍ ഇസ്രായേല്‍ രാഷ്ട്രസ്ഥാപനത്തെ എതിര്‍ത്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി
ഇസ്രായേലിന്‍റെ നിലനില്‍പാണ് പല സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നത്. സയണിസ്റ്റ് അതിക്രമത്തിനിരയാകുന്ന ഫലസ്തീന്‍ ജനതയുടെ സംരക്ഷണത്തിന് ഐക്യരാഷ്ട്ര സഭ ശക്തമായ നടപടിയെടുക്കണമെന്ന് വെയ്സ് ആവശ്യപ്പെട്ടു. ഫലസ്തീന്‍ സഹോദരങ്ങളുടെ വേദന തങ്ങളെ കണ്ണീരണിയിക്കുന്നതാണ്. പല രാജ്യങ്ങളിലുമുള്ള ജൂതവിശ്വാസികള്‍ ഇതേ വികാരം പങ്കുവെക്കുന്നവരാണ്. എന്നാല്‍ സയണിസ്റ്റുകളുടെ ശബ്ദത്തിനാണ് ആധിപത്യം. അവരാണ് സമ്മര്‍ദ ശക്തി. അതിനിടയില്‍ ഞങ്ങളുടെ വാക്കുകള്‍ക്ക് ഇടം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പരിതപിച്ചു
മുസ്ലിംകളുടെ വിരോധം ജൂതന്‍മാരോടല്ല, സയണിസ്റ്റുകളോടും അവരെ പിന്തുണക്കുന്നവരോടുമാണെന്ന് ഡോ.ഖറദാവി വ്യക്തമാക്കി. ഇസ്രായേല്‍ സ്ഥാപിതമാവുന്നതിന് മുമ്പ് ഇസ്ലാം - ജൂത മതവിശ്വാസികള്‍ തികഞ്ഞ സൗഹൃദത്തിലായിരുന്നു. അമേരിക്കയുടെ ആയുധ, സാമ്പത്തിക പിന്തുണയും വീറ്റോ സഹായവുമില്ലെങ്കില്‍ ഇസ്രായേലിന് അതിന്‍റെ ചെയ്തികള്‍ തുടരാനാവില്ല
നിരീശ്വര- ഭൗതിക ദര്‍ശനങ്ങളുടെയും അധാര്‍മികതയുടെയും അശ്ലീലതയുടെയും സദാചാരരാഹിത്യത്തിന്‍റെയും കടന്നുകയറ്റത്തിനെതിരെ ഐക്യനിര കെട്ടിപ്പടുക്കാന്‍ മതങ്ങള്‍ക്ക് സാധിക്കണമെന്ന് ഖറദാവി നിര്‍ദേശിച്ചു. അനീതിക്കെതിരെ നീതിയുടെ സംസ്ഥാപനത്തിന് മതങ്ങള്‍ കൈകോര്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു
ഇസ്രായേലില്‍ നിന്നുള്ള ജൂതപണ്ഡിതന്‍മാരെയും സയണിസത്തെ പിന്തുണക്കുന്നവരെയും ബഹിഷ്കരിക്കുന്ന ഖറദാവി സയണിസ്റ്റ് വിരുദ്ധര്‍ക്ക് സ്വീകരണം നല്‍കിയത് അറബ്, പാശ്ചാത്യ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്
No comments:
Post a Comment