Saturday, May 10, 2008

ലബനാനില്‍ സംഘര്‍ഷാവസ്ഥ നീങ്ങുന്നു



ബെയ്റൂത്ത് : ലബനാനില്‍ രണ്ട് ദിവസത്തിലേറെയായി നിലനിന്ന സംഘര്‍ഷാവസ്ഥക്ക് ശമനമാവുന്നു. പ്രതിപക്ഷമായ ഹിസ്ബുല്ലയുടെ സായുധ പോരാളികള്‍ തെരുവുകളില്‍ നിന്ന് പിന്‍മാറിത്തുടങ്ങിയതോടെ നിയന്ത്രണം സര്‍ക്കാര്‍ സേന ഏറ്റെടുത്തിട്ടുണ്ട്. ഹിസ്ബുല്ലയുടെ സ്വകാര്യ ടെലിഫോണ്‍ ശൃംഖല നിയവിരുദ്ധമായി പ്രഖ്യാപിച്ച നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതാണ് സംഘര്‍ഷാവസ്ഥക്ക് അറുതി വരുത്തിയത്

ഹിസ്ബുല്ലക്കെതിരായ സര്‍ക്കാര്‍ തീരുമാനത്തില്‍ അന്തിമ നിലപാടെടുക്കാന്‍ സൈന്യത്തിന് അധികാരം നല്‍കിക്കൊണ്ടുള്ള പ്രധാനമന്ത്രി ഫുആദ് സിനിയോറയുടെ പ്രഖ്യാപനത്തിന് തൊട്ടുടനെ ഹിസ്ബുല്ലക്കെതിരായ നീക്കം റദ്ദാക്കിയതായി സൈന്യം അറിയിക്കുകയായിരുന്നു. സായുധ സംഘാടനം നിരോധിച്ച സേന സായുധ പോരാളി ഗ്രൂപ്പുകള്‍ തെരുവുകളില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഇതെതുടര്‍ന്നാണ് പോരാളികള്‍ പിന്‍മാറിത്തുടങ്ങിയത്. ഇതോടെ ആഭ്യന്തര യുദ്ധത്തിന്‍റെ വക്കില്‍ നിന്ന് തല്‍കാലം രക്ഷപ്പെട്ട ആശ്വാസത്തിലാണ് ലബനാന്‍

കഴിഞ്ഞ ദിവസങ്ങളില്‍ ബെയ്റൂത്തിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്

അവലംബം : അല്‍ജസീറ

No comments: