Thursday, May 1, 2008

വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ തള്ളി

ജെറുസലം : ആറ് മാസത്തേക്ക് വെടിനിര്‍ത്തലിനുള്ള 12ഫലസ്തീന്‍ പോരാളി സംഘടനകള്‍ അംഗീകരിച്ച ഈജിപ്ത് മുന്നോട്ട് വെച്ച ഫോര്‍മുല ഇസ്രായേല്‍ തള്ളി. `ഭീകരസംഘടന`യായ ഹമാസ് ഉള്‍പ്പെട്ട ഒരു ഒത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു
തുടര്‍ന്നുള്ള ആക്രമണങ്ങള്‍ക്ക് ആയുധമൊരുക്കാന്‍ വെടിനിര്‍ത്തല്‍ ഹമാസിന് അവസരമൊരുക്കും. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ല. വെടിനിര്‍ത്തലല്ല, ഹമാസ് പ്രവര്‍ത്തകരുടെ എല്ലൊടിക്കാനാണ് തങ്ങളാഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹമാസിന് സഹായകരമായ വെടിനിര്‍ത്തലിലേക്കല്ല, ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പ്രതിരോധ മന്ത്രി യഹൂദ് ബാരാക് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു
അതേസമയം വെടിനിര്‍ത്തല്‍ പദ്ധതി മുന്നോട്ടുവെച്ച ഈജിപ്തിന്‍റെ നടപടിയെ ശ്ലാഘിച്ച മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ നിര്‍ദേശം അംഗീകരിച്ച സംഘടനകളുടെ നിലപാടിനെ സ്വാഗതം ചെയ്തു. പന്ത് ഇസ്രായേലിന്‍റെ കോര്‍ട്ടിലാണെന്ന് ഹനിയ്യ പ്രസ്താവിച്ചു. ഫലസ്തീന്‍ കക്ഷികളുടെ വെടിനിര്‍ത്തല്‍ ശ്രമത്തില്‍ പങ്ക് ചേരുമെങ്കിലും ഇസ്രായേല്‍ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് അല്‍ജിഹാദുല്‍ ഇസ്ലാമി വ്യക്തമാക്കി. എന്നാല്‍ അധിനിവേശം തുടരുന്ന കാലത്തോളം വെടിനിര്‍ത്തലിനൊരുക്കമല്ലെന്ന് ഫലസ്തീന്‍ ജനകീയ മുന്നണി പ്രസ്താവനയില്‍ പറഞ്ഞു
അതേസമയം, റഫാ അതിര്‍ത്തി തുറക്കണമെന്ന നിര്‍ദേശം ഇസ്രായേല്‍ അംഗീകരിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അതിര്‍ത്തി മേല്‍‍നോട്ടത്തില്‍ ഹമാസിന് പങ്കാളിത്തമുണ്ടാവരുതെന്ന് ഇസ്രായേലിന് നിര്‍ബന്ധമുണ്ട്

അവലംബം : അല്‍ജസീറ & അല്‍അറബിയ്യ

No comments: