Monday, May 12, 2008

തുറാബിയെ വിട്ടയച്ചു


ഖാര്‍ത്തൂം : ഇന്ന് രാവിലെ അറസ്റ്റിലായ സുഡാന്‍ പ്രതിപക്ഷ നേതാവ് ഹസന്‍ അല്‍തുറാബിയെ സുരക്ഷാ വിഭാഗം വിട്ടയച്ചു. അറസ്റ്റിലായ മറ്റ് പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെയും വിട്ടയച്ചിട്ടുണ്ട്. ഖാര്‍ത്തൂമിലെ പ്രാന്ത പ്രദേശമായ ഉംദുര്‍മാനില്‍ വിമത കക്ഷിയായ ജസ്റ്റിസ് ആന്‍റ് ഇക്വാലിറ്റി മൂവ്മെന്‍റ് ( ജെം )നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പതിനെട്ട് മണിക്കൂറിന് ശേഷമാണ് വിട്ടയച്ചതെന്ന് അദ്ദേഹത്തിന്‍റെ മകള്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ പോപുലര്‍ കോണ്‍ഗ്രസിന് ജെമുമായി ബന്ധമുണ്ടെന്ന ആരോപണം തുറാബി പൂര്‍ണമായും നിഷേധിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി
പതിനെട്ട് വാഹനങ്ങളില്‍ രാവിലെ വീട്ടിലെത്തിയ ഇരുപതോളം സായുധ സൈനികര്‍ തുറാബിയെ കൂപ്പര്‍ ജയിലിലേക്കും അവിടെ നിന്ന് കണ്ണ് കെട്ടി മറ്റൊരിടത്തേക്കും ചോദ്യ ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നു
തുറാബിയെ അറസ്റ്റ് ചെയ്ത നടപടി പോപുലര്‍ കോണ്‍ഗ്രസിനെതിരായ ഭരണകൂട ഗൂഡാലോചനയാണെന്ന് വക്താവ് ആരോപിച്ചു. അതേസമയം തുറാബിയെയും മറ്റും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്നും വിമതരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനുള്ള സുരക്ഷാ വകുപ്പിന്‍റെ സ്വാഭാവിക നടപടിക്രമമാണെന്നും പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് മുസ്ത്വഫാ ഉസ്മാന്‍ ഇസ്മാഈല്‍ വ്യക്തമാക്കി

അവലംബം : അല്‍ജസീറ

No comments: