Wednesday, May 14, 2008
Monday, May 12, 2008
തുറാബിയെ വിട്ടയച്ചു
ഖാര്‍ത്തൂം : ഇന്ന് രാവിലെ അറസ്റ്റിലായ സുഡാന്‍ പ്രതിപക്ഷ നേതാവ് ഹസന്‍ അല്‍തുറാബിയെ സുരക്ഷാ വിഭാഗം വിട്ടയച്ചു. അറസ്റ്റിലായ മറ്റ് പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെയും വിട്ടയച്ചിട്ടുണ്ട്. ഖാര്‍ത്തൂമിലെ പ്രാന്ത പ്രദേശമായ ഉംദുര്‍മാനില്‍ വിമത കക്ഷിയായ ജസ്റ്റിസ് ആന്‍റ് ഇക്വാലിറ്റി മൂവ്മെന്‍റ് ( ജെം )നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പതിനെട്ട് മണിക്കൂറിന് ശേഷമാണ് വിട്ടയച്ചതെന്ന് അദ്ദേഹത്തിന്‍റെ മകള്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ പോപുലര്‍ കോണ്‍ഗ്രസിന് ജെമുമായി ബന്ധമുണ്ടെന്ന ആരോപണം തുറാബി പൂര്‍ണമായും നിഷേധിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി
പതിനെട്ട് വാഹനങ്ങളില്‍ രാവിലെ വീട്ടിലെത്തിയ ഇരുപതോളം സായുധ സൈനികര്‍ തുറാബിയെ കൂപ്പര്‍ ജയിലിലേക്കും അവിടെ നിന്ന് കണ്ണ് കെട്ടി മറ്റൊരിടത്തേക്കും ചോദ്യ ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നു
തുറാബിയെ അറസ്റ്റ് ചെയ്ത നടപടി പോപുലര്‍ കോണ്‍ഗ്രസിനെതിരായ ഭരണകൂട ഗൂഡാലോചനയാണെന്ന് വക്താവ് ആരോപിച്ചു. അതേസമയം തുറാബിയെയും മറ്റും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്നും വിമതരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനുള്ള സുരക്ഷാ വകുപ്പിന്‍റെ സ്വാഭാവിക നടപടിക്രമമാണെന്നും പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് മുസ്ത്വഫാ ഉസ്മാന്‍ ഇസ്മാഈല്‍ വ്യക്തമാക്കി
പതിനെട്ട് വാഹനങ്ങളില്‍ രാവിലെ വീട്ടിലെത്തിയ ഇരുപതോളം സായുധ സൈനികര്‍ തുറാബിയെ കൂപ്പര്‍ ജയിലിലേക്കും അവിടെ നിന്ന് കണ്ണ് കെട്ടി മറ്റൊരിടത്തേക്കും ചോദ്യ ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നു
തുറാബിയെ അറസ്റ്റ് ചെയ്ത നടപടി പോപുലര്‍ കോണ്‍ഗ്രസിനെതിരായ ഭരണകൂട ഗൂഡാലോചനയാണെന്ന് വക്താവ് ആരോപിച്ചു. അതേസമയം തുറാബിയെയും മറ്റും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്നും വിമതരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനുള്ള സുരക്ഷാ വകുപ്പിന്‍റെ സ്വാഭാവിക നടപടിക്രമമാണെന്നും പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് മുസ്ത്വഫാ ഉസ്മാന്‍ ഇസ്മാഈല്‍ വ്യക്തമാക്കി
അവലംബം : അല്‍ജസീറ
ഹസന്‍ തുറാബി അറസ്റ്റില്‍
ഖാര്‍ത്തൂം : പ്രതിപക്ഷ നേതാവ് ഹസന്‍ തുറാബിയെ സുഡാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. മൂന്ന് പ്രമുഖടക്കം അദ്ദേഹത്തിന്‍റെ പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പത്ത് നേതാക്കളെയും സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഖാര്‍ത്തൂമിലെ ഉംദുര്‍മാന്‍ ജില്ലയില്‍ വിമത കക്ഷിയായ ജസ്റ്റിസ് ആന്‍റ് ഇക്വാലിറ്റി മൂവ്മെന്‍റ് ( ജെം ) നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് അറസ്റ്റെന്ന് സുഡാന്‍ പ്രസിഡന്‍റിന്‍റെ മാധ്യമ ഉപദേഴ്ടാവ് മഹ്ജൂബ് ഫദ്ല്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു
ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ നിന്നാണ് അറസ്റ്റ് നടന്നത്. ബശീര്‍ ആദം റഹ് മ, അബൂബക്കര്‍ അബ്ദുറസാഖ്, കമാല്‍ ഉമര്‍ അല്‍അമീന്‍ എന്നിവരാണ് അറസ്റ്റിലായ പ്രമുഖ നേതാക്കള്‍. ജെമിന്‍റെ അനുയായികളെ അറസ്റ്റ് ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ജെമുമായി തുറാബിയുടെ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. എന്നാല്‍ ആരോപണം തീര്‍ത്തും നിഷേധിച്ചുവരികയാണ് പാര്‍ട്ടി
തങ്ങള്‍ക്ക് തുറാബിയുമായി ബന്ധമൊന്നുമില്ലെന്ന് ജെം വക്താവ് അഹ് മദ് ഹുസൈന്‍ ആദം വ്യക്തമാക്കി. ജെം പൂര്‍ണമായും സ്വതന്ത്ര കക്ഷിയാണ്. കഴിഞ്ഞ ദിവസം ഉം ദര്‍മാനില്‍ ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ജെമിന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഖാര്‍ത്തൂമില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു
Saturday, May 10, 2008
ലബനാനില്‍ സംഘര്‍ഷാവസ്ഥ നീങ്ങുന്നു
ബെയ്റൂത്ത് : ലബനാനില്‍ രണ്ട് ദിവസത്തിലേറെയായി നിലനിന്ന സംഘര്‍ഷാവസ്ഥക്ക് ശമനമാവുന്നു. പ്രതിപക്ഷമായ ഹിസ്ബുല്ലയുടെ സായുധ പോരാളികള്‍ തെരുവുകളില്‍ നിന്ന് പിന്‍മാറിത്തുടങ്ങിയതോടെ നിയന്ത്രണം സര്‍ക്കാര്‍ സേന ഏറ്റെടുത്തിട്ടുണ്ട്. ഹിസ്ബുല്ലയുടെ സ്വകാര്യ ടെലിഫോണ്‍ ശൃംഖല നിയവിരുദ്ധമായി പ്രഖ്യാപിച്ച നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതാണ് സംഘര്‍ഷാവസ്ഥക്ക് അറുതി വരുത്തിയത്
ഹിസ്ബുല്ലക്കെതിരായ സര്‍ക്കാര്‍ തീരുമാനത്തില്‍ അന്തിമ നിലപാടെടുക്കാന്‍ സൈന്യത്തിന് അധികാരം നല്‍കിക്കൊണ്ടുള്ള പ്രധാനമന്ത്രി ഫുആദ് സിനിയോറയുടെ പ്രഖ്യാപനത്തിന് തൊട്ടുടനെ ഹിസ്ബുല്ലക്കെതിരായ നീക്കം റദ്ദാക്കിയതായി സൈന്യം അറിയിക്കുകയായിരുന്നു. സായുധ സംഘാടനം നിരോധിച്ച സേന സായുധ പോരാളി ഗ്രൂപ്പുകള്‍ തെരുവുകളില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഇതെതുടര്‍ന്നാണ് പോരാളികള്‍ പിന്‍മാറിത്തുടങ്ങിയത്. ഇതോടെ ആഭ്യന്തര യുദ്ധത്തിന്‍റെ വക്കില്‍ നിന്ന് തല്‍കാലം രക്ഷപ്പെട്ട ആശ്വാസത്തിലാണ് ലബനാന്‍
കഴിഞ്ഞ ദിവസങ്ങളില്‍ ബെയ്റൂത്തിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്
അവലംബം : അല്‍ജസീറ
റഫാ അതിര്‍ത്തി ഈജിപ്ത് തുറന്നു
ഗസ്സ : ഈജിപ്ത് അധികൃതര്‍ റഫാ അതിര്‍ത്തി തുറന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് ഫലസ്തീനികള്‍ ഈജിപ്തിലെത്തി. ഹമാസുമായുണ്ടാക്കിയ ധാരണപ്രകാരമാണ് ഈജിപ്ത് ഇന്ന് അതിര്‍ത്തി തുറന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ള 550ലധികം ഫലസ്തീനികള്‍ അതിര്‍ത്തി കടന്നതായി ഫലസ്തീന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരില്‍ ഇരുന്നൂറ് പേര്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരാണ്
ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയാറാകാത്ത പക്ഷം റഫാ അതിര്‍ത്തി തുറക്കാമെന്ന് ഈജിപ്ത് പോരാട്ട സംഘടനയായ ഹമാസിന് വാഗ്ദാനം നല്‍കിയിരുന്നു. മൂന്ന് ദിവസം റഫാ തുറന്നിടുമെന്നാണ് കെയ്റോയുടെ വാഗ്ദാനമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ രിദ് വാന്‍ അറിയിച്ചു. അതുപ്രകാരമാണ് ഇന്നലെ രോഗികളായവര്‍ അതിര്‍ത്തി കടന്നത്. ഇന്ന് ഫലസ്തീനിലുള്ള ഈജിപ്തുകാര്‍ക്കും നാളെ ഈജിപ്തിലുള്ള ഫലസ്തീനികള്‍ക്കും അതിര്‍ത്തിയിലൂടെ യാത്ര ചെയ്യാനാവുമെന്ന് അദ്ദേഹം പറഞ്ഞു
അവലംബം : എ എഫ് പി
Friday, May 9, 2008
ചര്‍ച്ചാ നിര്‍ദേശം ഹിസ്ബുല്ല തള്ളി
ബെയ്റൂത്ത് : ഹിസ്ബുല്ലയുടെ കമ്യൂണിക്കേഷന്‍ സംവിധാനത്തെ നിരോധിച്ചുകൊണ്ടുള്ള ലബനാന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഭരണപക്ഷം മുന്നോട്ടുവെച്ച ചര്‍ച്ചാ നിര്‍ദേശം ഹിസ്ബുല്ല തള്ളി. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയുടെ നിലപാടില്‍ സംഘടന ഉറച്ചുനില്‍ക്കുന്നതായി ഹിസ്ബുല്ല അനുകൂല ടെലിവിഷന്‍ ചാനല്‍ `അല്‍മനാര്‍` റിപ്പോര്‍ട്ട് ചെയ്തു
ഹിസ്ബുല്ലക്കെതിരായ നീക്കം ചെറുക്കുമെന്ന് നസ്റുല്ല; ചര്‍ച്ചക്ക് സന്നദ്ധനാകണമെന്ന് ഹരീരി
ബെയ്റൂത്ത് : ഹിസ്ബുല്ലയുടെ സംവിധാനങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ നിന്ന് ലബനാന്‍ സര്‍ക്കാര്‍ പിന്‍മാറണമെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഹസന്‍ നസ്റുല്ല ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ കമ്യൂണിക്കേഷന്‍ ശൃംഖലയെ നിരോധിക്കാനുള്ള തീരുമാനം നിയമപരമല്ലെന്നും പ്രസ്തുത തീരുമാനം റദ്ദാക്കുന്ന പക്ഷം ചര്‍ച്ചക്ക് സന്നദ്ധമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലബനാനെ ആഭ്യന്തര, വിഭാഗീയ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന നിലപാടുകള്‍ക്ക് പകരം ചര്‍ച്ചക്ക് തയാറാവണമെന്ന് ഭരണപക്ഷ നേതാവ് സഅദ് അല്‍ഹരീരി ഹിസ്ബുല്ലയോടാവശ്യപ്പെട്ടു
ഹിസ്ബുല്ലക്കെതിരായ നീക്കങ്ങള്‍ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും താല്‍പര്യപ്രകാരമാണെന്ന് നസ്റുല്ല ആരോപിച്ചു. ഇത് സംഘടനക്കെതിരായ യുദ്ധപ്രഖ്യാപനമാണ്. പോരാട്ട പ്രസ്ഥാനത്തെ നിരായൂധീകരിക്കുകയെന്ന ഇസ്രായേലിന്‍റെ പരാജയപ്പെട്ട അജണ്ട ചിലര്‍ നടപ്പാക്കുകയാണ്. ഇതിനെ ശക്തമായി ചെറുക്കും. ലോകത്തെ മുഴുസൈന്യവും ഒന്നിച്ച് വന്നാലും ഹിസ്ബുല്ലയെ തൊടാനനുവദിക്കില്ല. ഹിസ്ബുല്ലയെ തൊടാന്‍ ശ്രമിക്കുന്ന കൈകള്‍ വെട്ടിമാറ്റുക തന്നെ ചെയ്യും. ഭരണകൂടത്തെ അട്ടിമറിക്കാനോ കലാപം സൃഷ്ടിക്കാനോ തങ്ങളിതുവരെ ആയുധമെടുത്തിട്ടില്ല. അധിനിവേശത്തിനെതിരെയാണ് ഞങ്ങളുടെ ആയുധശക്തി. അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സ്വരക്ഷാര്‍ഥം നേരിടാതെ തരമില്ലെന്ന് നസ്റുല്ല മുന്നറിയിപ്പ് നല്‍കി
സുന്നി - ശീഈ വിഭാഗീയ സംഘര്‍ഷം ഉണ്ടാകുമെന്ന് ഹിസ്ബുല്ല ഭയപ്പെടുന്നില്ല. രാജ്യത്തെ പ്രതിരോധിക്കുന്നവരും ഒറ്റുകൊടുക്കുന്നവരും തമ്മിലാണ് സംഘട്ടനം
പ്രധാനമന്ത്രി സിനിയോറയെ നിയന്ത്രിക്കുന്നത് കൊലയാളിയും കള്ളനുമായ പ്രോഗ്രസീവ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് വലീദ് ജുന്‍ബുലാത്വ് ആണെന്നും ജുന്‍ബുലാത്വ് കോണ്ടലീസ റൈസിന്‍റെ ഉദ്യോഗസ്ഥനാണെന്നും നസ്റുല്ല ആരോപിച്ചു. ജുന്‍ബുലാതാണ് ഹിസ്ബുല്ലക്കെതിരായ നീക്കത്തിന് പിന്നില്‍. അമേരിക്കന്‍ അനുകൂലിയായ അദ്ദേഹത്തിന്‍റെ ശ്രമഫലമായി സര്‍ക്കാരെടുത്ത തീരുമാനം ലബനാനെ പുതിയൊരു ഘട്ടത്തിലേക്ക് എടുത്തെറിഞ്ഞതായി നസ്റുല്ല പ്രസ്താവിച്ചു
അമേരിക്കന്‍ താല്‍പര്യപ്രകാരമാണ് ഹിസ്ബുല്ലയുടെ കമ്യൂണിക്കേഷന്‍ ശൃംഖലയെ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന ആരോപണം സഅദ് ഹരീരി നിഷേധിച്ചു. ദേശീയ സൈനിക കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനാണ് ഈ തീരുമാനം. ഹിസ്ബുല്ല അനുകൂലികള്‍ ബെയ്റൂത്തില്‍ നടത്തുന്ന പേക്കൂത്ത് ചെറുത്തുനില്പ് പോരാട്ടങ്ങളുടെ വിലകെടുത്തും. ബെയ്റൂത്തും വിമാനത്താവളവും ഉപരോധിക്കപ്പെട്ട അവസ്ഥയിലാണ്. അവക്ക് മേലുള്ള ഉപരോധം പിന്‍വലിക്കാനും തെരുവില്‍ നിന്ന് അനുയായികളെ തിരികെ വിളിക്കാനും സന്ധിസംഭാഷണങ്ങള്‍ക്കും നസ്റുല്ല തയാറാകണമെന്ന് അദ്ദേഹമാവശ്യപ്പെട്ടു
അവലംബം : അല്‍ജസീറ & അല്‍അറബിയ്യ
Thursday, May 8, 2008
ലബനാനില്‍ തെരുവുയുദ്ധം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
ബെയ്റൂത്ത് : രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ലബനാനില്‍ പ്രതിപക്ഷമായ ഹിസ്ബുല്ലയുടെയും ഭരണപക്ഷത്തിന്‍റെയും അനുയായികള്‍ തമ്മില്‍ ഇന്നുണ്ടായ രൂക്ഷമായ ഏറ്റമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കുറഞ്ഞത് പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിസഭ യോഗം ചേരാന്‍ തീരുമാനിച്ചതിനിടെയാണ് തെരുവുയുദ്ധം കനത്തത്. ശിയാ പോരാട്ട സംഘടനയായ ഹിസ്ബുല്ലയെ നിയന്ത്രിക്കാനുള്ള നടപടികളുമായി ഫുആദ് സിനിയോറ സര്‍ക്കാര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണം
അവലംബം : അല്‍ജസീറ & റോയിട്ടേഴ്സ്
ഗ്രനേഡുകളും മറ്റ് ലഘു ആയുധങ്ങളുമുപയോഗിച്ചായിരുന്നു സംഘട്ടനം. നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കുന്നുണ്ട്. സംഘര്‍ഷമുണ്ടായ ചില പട്ടണങ്ങളില്‍ നിന്ന് സൈന്യം പിന്‍മാറിയിട്ടുണ്ട്. ഇന്നലെ ബെയ്റൂത്തില്‍ ഹിസ്ബുല്ല റാലിക്കിടെ സംഘര്‍ഷമുണ്ടായിരുന്നു
അവലംബം : അല്‍ജസീറ & റോയിട്ടേഴ്സ്
Monday, May 5, 2008
സോമാലിയയില്‍ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിവെപ്പ്: നിരവധി മരണം
മൊഗദീശു : സോമാലിയയില്‍ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് പൊതുജനം നടത്തിയ പ്രകടനത്തിന് നേരെ സര്‍ക്കാര്‍ സേന നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അനവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ എണ്ണത്തെ കുറിച്ച് വാര്‍ത്താ ഏജന്‍സികള്‍ വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവിട്ടത്. അഞ്ച് പേര്‍ മരിച്ചതായി എ എഫ് പിയും രണ്ട് പേര്‍ മരിച്ചതായി എ പിയും റിപ്പോര്‍ട്ട് ചെയ്തു
കച്ചവടക്കാര്‍ പഴയ കറന്‍സി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അവശ്യ ഭക് ഷ്യസാധനങ്ങള്‍ പോലും വാങ്ങാനാവാതെ വലഞ്ഞതാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയത്. പല കച്ചവടക്കാരും നഷ്ടം കുറക്കാന്‍ അമേരിക്കന്‍ ഡോളറിലാണ് വ്യാപാരം നടത്തുന്നതത്രെ. ( ഒരു അമേരിക്കന്‍ ഡോളര്‍ = 34,000 സോമാലി ഷില്ലിംഗ് ). ഇത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ കഷ്ടത്തിലാക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ വാങ്ങാനാവാത്ത സ്ഥിതിയിലാണ് അധികമാളുകളും. ഈ അവസ്ഥ തുടര്‍ന്നാല്‍ കനത്ത ദുരന്തമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന ഉത്കണ്ഠയാണ് തെരുവിലിറങ്ങാന്‍ ജനങ്ങള്‍ക്ക് പ്രേരകമായത്
പ്രതിഷേധ പരിപാടികള്‍ മിക്കയിടത്തും അക്രമാസക്തമായി. പലയിടത്തും പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും റോഡുകള്‍ തടഞ്ഞ് തീയിടുകയും ചെയ്തു
പുതിയ പാര്‍ട്ടി രൂപീകരണ വാര്‍ത്ത ഉര്‍ദുഗാന്‍ നിഷേധിച്ചു
അങ്കാറ : ജസ്റ്റിസ് ആന്‍റ് ഡവലപ്മെന്‍റ് പാര്‍ട്ടി ( എ.കെ പാര്‍ട്ടി ) നിരോധിക്കപ്പെടുന്ന പക്ഷം പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നിഷേധിച്ചു. ഇത് സംബന്ധിച്ച മാധ്യം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി കാര്യാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മാധ്യമങ്ങളുടെ ജല്‍പനങ്ങള്‍ മാത്രമാണ് അത്തരം വാര്‍ത്തകള്‍. നിരോധിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാന്‍ ഭരണഘടനാ ഭേദഗതി വരുത്താനിടയുണ്ടെന്ന വാര്‍ത്തയും പാര്‍ട്ടി തള്ളിക്കളഞ്ഞു
ഇസ്ലാമിക അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയെ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഭരണഘടനാ കോടതിയുടെ പരിഗണനയിലാണ്. ഉര്‍ദുഗാന്‍ അടക്കമുള്ള പാര്‍ട്ടി അംഗങ്ങളായ 71 പാര്‍ലമെന്‍റ് അംഗങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് വിലക്കണമെന്നും ഹരജി ആവശ്യപ്പെടുന്നുണ്ട്. നിരോധ സാധ്യത മുന്നില്‍ കണ്ട് പുതിയ പാര്‍ട്ടി രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി തുര്‍ക്കി മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു
അവലംബം : റോയിട്ടേഴ്സ്
Thursday, May 1, 2008
വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ തള്ളി
ജെറുസലം : ആറ് മാസത്തേക്ക് വെടിനിര്‍ത്തലിനുള്ള 12ഫലസ്തീന്‍ പോരാളി സംഘടനകള്‍ അംഗീകരിച്ച ഈജിപ്ത് മുന്നോട്ട് വെച്ച ഫോര്‍മുല ഇസ്രായേല്‍ തള്ളി. `ഭീകരസംഘടന`യായ ഹമാസ് ഉള്‍പ്പെട്ട ഒരു ഒത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു
തുടര്‍ന്നുള്ള ആക്രമണങ്ങള്‍ക്ക് ആയുധമൊരുക്കാന്‍ വെടിനിര്‍ത്തല്‍ ഹമാസിന് അവസരമൊരുക്കും. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ല. വെടിനിര്‍ത്തലല്ല, ഹമാസ് പ്രവര്‍ത്തകരുടെ എല്ലൊടിക്കാനാണ് തങ്ങളാഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹമാസിന് സഹായകരമായ വെടിനിര്‍ത്തലിലേക്കല്ല, ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പ്രതിരോധ മന്ത്രി യഹൂദ് ബാരാക് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു
അതേസമയം വെടിനിര്‍ത്തല്‍ പദ്ധതി മുന്നോട്ടുവെച്ച ഈജിപ്തിന്‍റെ നടപടിയെ ശ്ലാഘിച്ച മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ നിര്‍ദേശം അംഗീകരിച്ച സംഘടനകളുടെ നിലപാടിനെ സ്വാഗതം ചെയ്തു. പന്ത് ഇസ്രായേലിന്‍റെ കോര്‍ട്ടിലാണെന്ന് ഹനിയ്യ പ്രസ്താവിച്ചു. ഫലസ്തീന്‍ കക്ഷികളുടെ വെടിനിര്‍ത്തല്‍ ശ്രമത്തില്‍ പങ്ക് ചേരുമെങ്കിലും ഇസ്രായേല്‍ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് അല്‍ജിഹാദുല്‍ ഇസ്ലാമി വ്യക്തമാക്കി. എന്നാല്‍ അധിനിവേശം തുടരുന്ന കാലത്തോളം വെടിനിര്‍ത്തലിനൊരുക്കമല്ലെന്ന് ഫലസ്തീന്‍ ജനകീയ മുന്നണി പ്രസ്താവനയില്‍ പറഞ്ഞു
അതേസമയം, റഫാ അതിര്‍ത്തി തുറക്കണമെന്ന നിര്‍ദേശം ഇസ്രായേല്‍ അംഗീകരിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അതിര്‍ത്തി മേല്‍നോട്ടത്തില്‍ ഹമാസിന് പങ്കാളിത്തമുണ്ടാവരുതെന്ന് ഇസ്രായേലിന് നിര്‍ബന്ധമുണ്ട്
അവലംബം : അല്‍ജസീറ & അല്‍അറബിയ്യ
`ഇസ്രായേല്‍ അപ്രത്യക്ഷമായാല്‍ മേഖലയിലെ സംഘര്‍ഷം നീങ്ങും` - ജൂത പണ്ഡിതര്‍
ദോഹ : അമേരിക്കയിലെയും ബ്രിട്ടനിലെയും ജൂത പണ്ഡിതര്‍ അന്തര്‍ദേശീയ മുസ്ലിം പണ്ഡിത സഭ അധ്യക്ഷന്‍ ഡോ.യൂസുഫുല്‍ ഖറദാവിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. സയണിസ്റ്റ് വിരുദ്ധ ജൂത സംഘടനാ പ്രതിനിധികളായ അഹരോന്‍ കോഹന്‍ ( മാഞ്ചസ്റ്റര്‍ ), ഡൊവിഡ് ഷലോമൊ വില്‍ഡ്മാന്‍, യിസ്രോയെല്‍ ഡൊവിഡ് വെയ്സ് ( അമേരിക്ക ) എന്നിവരാണ് ഏറെ മാധ്യമശ്രദ്ധ നേടിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത് വേദഗ്രന്ഥമായ തോറയുടെ ശാസനകള്‍ക്ക് വിരുദ്ധമായി സ്ഥാപിതമായ ഇസ്രായേല്‍ രാഷ്ട്രം തുടച്ചുനീക്കപ്പെടേണ്ടത് ചരിത്രത്തിന്‍റെ അനിവാര്യതയാണെന്ന് വെയ്സ് കൂടിക്കാഴ്ചക്കിടെ പറഞ്ഞു. സോവിയറ്റ് സാമ്രാജ്യവും ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്ന വര്‍ണ വിവേചനവും ഇല്ലാതായതുപോലെ സയണിസ്റ്റ് രാജ്യവും നിലംപൊത്തുക തന്നെ ചെയ്യും. വേദഗ്രന്ഥത്തിനെതിരെ നിലകൊള്ളുന്നവയൊന്നും വിജയിക്കന്‍ പോകുന്നില്ല. ഇസ്രായേല്‍ അപ്രത്യക്ഷമായാലുടന്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷത്തിന് അറുതിയാവും. എന്നാല്‍ അമേരിക്കയെയും ബ്രിട്ടനെയും പോലുള്ള വന്‍ശക്തി രാഷ്ട്രങ്ങള്‍ ഇത് തിരിച്ചറിയുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ലോകത്തെങ്ങുമുള്ള വേദവിശ്വാസികളായ ജൂത പണ്ഡിതര്‍ ഇസ്രായേല്‍ രാഷ്ട്രസ്ഥാപനത്തെ എതിര്‍ത്തിരുന്നുവെന്ന് വില്‍ഡ്മാന്‍ ചൂണ്ടിക്കാട്ടി. ആ രാഷ്ട്രം ജൂതന്‍മാര്‍ക്ക് തന്നെ എതിരായിത്തീരുകയാണുണ്ടായത്. സയണിസ്റ്റ് അധിനിവേശത്തിനും ഖുദ്സ് കൈയേറ്റത്തിനും തങ്ങളെതിരാണ്. ജൂതമതത്തിന്‍റെ പേരില്‍ അധിനിവേശം നടന്നതാണ് കൂടുതല്‍ വിഷമം. സയണിസത്തിന്‍റെ ഉപജ്ഞാതാവായ ഹെര്‍ട്സല്‍ ഒരിക്കലും മതനിഷ്ഠ പുലര്‍ത്തുന്നയാളായിരുന്നില്ല. അനീതിയിലാണ് അദ്ദേഹം സയണിസം കെട്ടിപ്പടുത്തത്. യഹൂദരുടെ അജ്ഞത മുതലെടുത്ത് മതത്തെ ദേശീയതയായി വളര്‍ത്തുകയായിരുന്നു ഹെര്‍ട്സല്‍. സയണിസ്റ്റുകള്‍ ഫലസ്തീനിലെത്തിയപ്പോള്‍ 1947ല്‍ അമേരിക്കയിലെ ജൂത പുരോഹിതര്‍ ഇസ്രായേല്‍ രാഷ്ട്രസ്ഥാപനത്തെ എതിര്‍ത്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി
ഇസ്രായേലിന്‍റെ നിലനില്‍പാണ് പല സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നത്. സയണിസ്റ്റ് അതിക്രമത്തിനിരയാകുന്ന ഫലസ്തീന്‍ ജനതയുടെ സംരക്ഷണത്തിന് ഐക്യരാഷ്ട്ര സഭ ശക്തമായ നടപടിയെടുക്കണമെന്ന് വെയ്സ് ആവശ്യപ്പെട്ടു. ഫലസ്തീന്‍ സഹോദരങ്ങളുടെ വേദന തങ്ങളെ കണ്ണീരണിയിക്കുന്നതാണ്. പല രാജ്യങ്ങളിലുമുള്ള ജൂതവിശ്വാസികള്‍ ഇതേ വികാരം പങ്കുവെക്കുന്നവരാണ്. എന്നാല്‍ സയണിസ്റ്റുകളുടെ ശബ്ദത്തിനാണ് ആധിപത്യം. അവരാണ് സമ്മര്‍ദ ശക്തി. അതിനിടയില്‍ ഞങ്ങളുടെ വാക്കുകള്‍ക്ക് ഇടം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പരിതപിച്ചു
മുസ്ലിംകളുടെ വിരോധം ജൂതന്‍മാരോടല്ല, സയണിസ്റ്റുകളോടും അവരെ പിന്തുണക്കുന്നവരോടുമാണെന്ന് ഡോ.ഖറദാവി വ്യക്തമാക്കി. ഇസ്രായേല്‍ സ്ഥാപിതമാവുന്നതിന് മുമ്പ് ഇസ്ലാം - ജൂത മതവിശ്വാസികള്‍ തികഞ്ഞ സൗഹൃദത്തിലായിരുന്നു. അമേരിക്കയുടെ ആയുധ, സാമ്പത്തിക പിന്തുണയും വീറ്റോ സഹായവുമില്ലെങ്കില്‍ ഇസ്രായേലിന് അതിന്‍റെ ചെയ്തികള്‍ തുടരാനാവില്ല
നിരീശ്വര- ഭൗതിക ദര്‍ശനങ്ങളുടെയും അധാര്‍മികതയുടെയും അശ്ലീലതയുടെയും സദാചാരരാഹിത്യത്തിന്‍റെയും കടന്നുകയറ്റത്തിനെതിരെ ഐക്യനിര കെട്ടിപ്പടുക്കാന്‍ മതങ്ങള്‍ക്ക് സാധിക്കണമെന്ന് ഖറദാവി നിര്‍ദേശിച്ചു. അനീതിക്കെതിരെ നീതിയുടെ സംസ്ഥാപനത്തിന് മതങ്ങള്‍ കൈകോര്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു
ഇസ്രായേലില്‍ നിന്നുള്ള ജൂതപണ്ഡിതന്‍മാരെയും സയണിസത്തെ പിന്തുണക്കുന്നവരെയും ബഹിഷ്കരിക്കുന്ന ഖറദാവി സയണിസ്റ്റ് വിരുദ്ധര്‍ക്ക് സ്വീകരണം നല്‍കിയത് അറബ്, പാശ്ചാത്യ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്
Subscribe to:
Posts (Atom)