Sunday, September 28, 2008

ഡോ. അബ്ദുല്‍ കരീം ഖതീബ് അന്തരിച്ചു


റബാത്: മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജസ്റ്റിസ് ആന്‍റ് ഡവലപ്മെന്‍റ് പാര്‍ട്ടി സ്ഥാപകനും സ്വാതന്ത്ര്യ സമര പോരാളിയുമായ ഡോ. അബ്ദുല്‍ കരീം അല്‍ഖത്വീബ് അന്തരിച്ചു. സെപ്റ്റംബര്‍27ന്(റമദാന്‍27) രാത്രി റബാത്വിലെ വീട്ടിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ജസ്റ്റിസ് ആന്‍റ് ഡവലപ്മെന്‍റ് പാര്‍ട്ടി അനുശോചിച്ചു.
1921 മാര്‍ച്ച് രണ്ടിന് അല്‍ജദീദ: പട്ടണത്തില്‍ വിവര്‍ത്തകനായ ഉമര്‍ അല്‍ഖത്വീബിന്‍റെയും മര്‍യം അല്‍കബ്ബാസ്വിന്‍റെയും മകനായി ജനിച്ച അബ്ദുല്‍ കരീം ചെറുപ്പത്തില്‍ തന്നെ സാമൂഹ്യരംഗത്ത് സജീവമായി. 19-ം വയസില്‍ സ്കൗട്ട് കൂട്ടായ്മക്ക് രൂപം നല്‍കി. അള്‍ജിയേഴ്സില്‍ നാല് വര്‍ഷം കൊണ്ട് മെഡിസിന്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം സിര്‍ബോനിലെ മെഡിക്കല്‍ കോളജിലേക്ക് മാറി. 1951ല്‍ പാരീസില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം മൊറോക്കോയിലെ ആദ്യത്തെ സര്‍ജനായി മാറി.
1952ല്‍ അധിനിവേശശക്തികളുടെ നിഷ്ഠൂരകൃത്യങ്ങള്‍ക്ക് ശേഷം ദേശീയ സ്വാതന്ത്ര്യ സമരരംഗത്ത് ഡോ.ഖതീബ് ശ്രദ്ധകേന്ദ്രീകരിച്ചു. ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്ന നാട്ടുകാര്‍ക്ക് പള്ളിയില്‍ സജ്ജീകരിച്ച താല്‍കാലിക ആശുപത്രിയില്‍ അദ്ദേഹം ചികിത്സ നല്‍കി. ദേശീയ പോരാളികള്‍ക്ക് വേണ്ടി പണംപിരിച്ച അദ്ദേഹം സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് വിമോചന സൈന്യത്തിന് രൂപം നല്‍കി. അധിനിവേശശക്തികളെ തുരത്താന്‍ സായുധപോരാട്ടം മാത്രമാണ് പോംവഴിയെന്ന കണക്കുകൂട്ടലില്‍ നിന്നാണ് `തത് വാന്‍ സമിതി`യെന്ന പേരില്‍ സേന രൂപവത്കരിച്ചത്. ഇത് അധിനിവേശവിരുദ്ധ പോരാട്ടത്തില്‍ വഴിത്തിരിവായി. ഐക്യരാഷ്ട്രം എന്ന ലക് ഷ്യത്തോടെ അല്‍ജീരിയയിലെ അധിനിവേശവിരുദ്ധ പോരാളികളുമായി യോജിച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെങ്കിലും സ്വാതന്ത്ര്യാനന്തരം ഇരരാജ്യങ്ങളിലും മേല്‍ക്കൈ നേടിയവര്‍ പ്രാദേശികദേശീയതയില്‍ ഊന്നിയത് ലക് ഷ്യം അസാധ്യമാക്കി.
ജനാധിപത്യപോരാട്ടം
സ്വാതന്ത്ര്യാനന്തരം രാജ്യത്ത് രാഷ്ട്രീയവൈവിധ്യം നിലനില്‍ക്കണമെന്നായിരുന്നു അബ്ദുല്‍ കരീമിന്‍റെ നിലപാട്. 1957ല്‍ അദ്ദേഹം സ്ഥാപിച്ച പോപുലര്‍ മൂവ്മെന്‍റ് ആ ദിശയിലുള്ള പരീക്ഷണമായിരുന്നു. 1963ല്‍ മൊറോക്കന്‍ ചരിത്രത്തിലെ പ്രഥമ പാര്‍ലമെന്‍റില്‍ സ്പീക്കര്‍ പദവി അലങ്കരിച്ച ഖതീബ് ആഫ്രിക്കന്‍ കാര്യം, ആരോഗ്യ വകുപ്പുകളില്‍ മന്ത്രിയായിരുന്നു. `65 ജൂണ്‍ ഏഴ് വരെ സ്പീക്കര്‍ പദവിയില്‍ തുടര്‍ന്നു. എന്നാല്‍ 1965ല്‍ മൊറോക്കോയില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തന്‍റെ പിന്തുണയുള്ള സര്‍ക്കാരിന്‍റെ ഈ സ്വേച്ഛാധിപത്യ നടപടിക്കെതിരെ സമരം പ്രഖ്യാപിച്ച അദ്ദേഹം പോപുലര്‍ ഡെമോക്രാറ്റിക് കോണ്‍സ്റ്റിറ്റ്യൂഷനല്‍ മൂവ്മെന്‍റിന് രൂപംനല്‍കി. തുടര്‍ന്ന് പ്രഹസനമെന്നോണം നടന്ന നിരവധി തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടി ബഹിഷ്കരിച്ചു.
ഇസ്ലാമികലോകത്തിന്‍റെ നീറുന്ന പ്രശ്നങ്ങളിലേക്ക് കണ്ണോടിച്ച ഡോ.ഖതീബ് ഫലസ്തീന്‍, അഫ്ഗാന്‍, ബോസ്നിയ തുടങ്ങിയ നാടുകളിലെ അധിനിവേശവിരുദ്ധസമരങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കി സഹായിച്ചു. അമ്പതുകളിലും മറ്റും ഈജിപ്തിലെ ബ്രദര്‍ഹുഡ് നേതാക്കളുമായി ബന്ധം പുലര്‍ത്തിയ അദ്ദേഹം 1973ല്‍ പാര്‍ട്ടിയുടെ പേര് `അന്നഹ്ദ` എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ശ്രമിച്ചെങ്കിലും എതിരാളികളുടെ കുതന്ത്രങ്ങള്‍ മൂലം സാധിച്ചില്ല. തൊണ്ണൂറുകളുടെ ആരംഭത്തില്‍ പോപുലര്‍ ഡെമോക്രാറ്റിക് കോണ്‍സ്റ്റിറ്റ്യൂഷനല്‍ മൂവ്മെന്‍റ്, പ്രവര്‍ത്തനാനുമതി ലഭിക്കാതെ ഉഴറിയ ഇസ്ലാമിക കക്ഷികളായ ഇസ്ലാമിക് ഫ്യൂച്ചര്‍ ലീഗ്, അല്‍ഇസ് ലാഹ് മൂവ്മെന്‍റ് എന്നിവയെകൂടി ചേര്‍ത്ത് പാര്‍ട്ടി വിപുലീകരിച്ചു. ഇതോടെ ശക്തി പ്രാപിച്ച പാര്‍ട്ടി 1997ലെ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടും ജസ്റ്റിസ് ആന്‍റ് ഡവലപ്മെന്‍റ് പാര്‍ട്ടി എന്ന പേര് സ്വീകരിച്ച ശേഷം 2002ല്‍ നാല്പത്തിരണ്ടും സീറ്റ് നേടി.

No comments: