Sunday, September 28, 2008

പശ്ചിമേഷ്യന്‍ ചതുര്‍കക്ഷിസമിതി പക്ഷപാതപരമെന്ന് ഹമാസ്

കഴിഞ്ഞാഴ്ച ചേര്‍ന്ന ചതുര്‍കക്ഷിസമിതി
ഗസ്സ: പശ്ചിമേഷ്യന്‍കാര്യ ചതുര്‍കക്ഷിസമിതിയുടെ തീരുമാനങ്ങള്‍ പക്ഷപാതപരവും അമേരിക്കന്‍ വിധേയത്വം നിറഞ്ഞതുമാണെന്ന് ഫലസ്തീന്‍ ചെറുത്തുനില്പ് പ്രസ്ഥാനമായ ഹമാസ് ആരോപിച്ചു. അമേരിക്കന്‍ സമ്മര്ദത്തിന് വഴങ്ങി സയണിസ്റ്റ് അധിനിവേശകര്‍ക്ക് അനുകൂലമായ നിലപാടുകളാണ് സമിതിയില്‍ നിന്നുണ്ടാകുന്നത്. അധിനിവേശവിരുദ്ധ ചെറുത്തുനില്പിനെ ഭീകരതയായി വിവക്ഷിക്കുന്ന പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല.

ഐക്യരാഷ്ട്രസഭ, അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, റഷ്യ എന്നിവയടങ്ങിയ സമിതി യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് കഴിഞ്ഞാഴ്ച ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നിരുന്നു. കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച സമിതി ഈ വര്‍ഷം തന്നെ ഒത്തുതീര്‍പ്പിലെത്താന്‍ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ പോരാളികളുടെ പ്രതിരോധശ്രമങ്ങളെ ഭീകരതയെന്ന് വിശേഷിപ്പിച്ച സമിതി പ്രമേയം, ഫലസ്തീന്‍ സിവിലിയന്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് കുടിയേറ്റക്കാരോടും ആവശ്യപ്പെട്ടു.

അതേസമയം, സൗദിയുടെ ആവശ്യപ്രകാരം കുറ്റിയേറ്റപ്രശ്നം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി പ്രത്യേക യോഗം ചേര്‍ന്നു. കുടിയേറ്റം തുടരുന്നപക്ഷം ജീവയോഗ്യമായ ഫലസ്തീന്‍ സാക്ഷാത്കരിക്കപ്പെടില്ലെന്ന് സൗദി വിദേശകാര്യമന്ത്രി സഊദ് ഫൈസല്‍ മുന്നറിയിപ്പ് നല്‍കി. ഫലസ്തീന്‍ രാഷ്ട്രസ്വപ്നം മരീചികയായി അവശേഷിക്കുമെന്ന ഭീതിയുണര്‍ത്തുന്നതാണ് കുടിയേറ്റമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസയും അഭിപ്രായപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ 416 കുടിയേറ്റ അപാര്‍ട്മെന്‍റുകള്‍ക്ക് ടെണ്ടര്‍ നല്‍കിയ ഇസ്രായേല്‍ നാനൂറ് യൂനിറ്റുകള്‍ കൂടി നിര്‍മിക്കുമെന്ന് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

No comments: