Monday, September 15, 2008

ഈജിപ്ത് വിടാന്‍ പൗരന്‍മാരോട് ഇസ്രായേല്‍

ജറൂസലം: ഈജിപ്തിലെ സീനാ ഉപദ്വീപിലുള്ള തങ്ങളുടെ പൗരന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ഇസ്രായേല്‍ അടിയന്തര നിര്‍ദേശം നല്‍കി. തട്ടിക്കൊണ്ടുപോകല്‍ ഭീഷണിയുള്ളതിനാല്‍ ഉടന്‍ തിരിച്ചെത്തണമെന്ന് വിനോദസഞ്ചാരാര്‍ഥവും മറ്റും ഈജിപ്തിലെത്തിയവരോട് ഇസ്രായേല്‍ പ്രധാനമന്ത്രി കാര്യാലയത്തിന് കീഴിലെ ഭീകരവിരുദ്ധ കേന്ദ്രം ആവശ്യപ്പെട്ടു. ഇസ്രായേല്‍ പൗരന്‍മാരെ ബന്ദികളാക്കി ഗസ്സയിലേക്ക് കടത്താന്‍ ഹിസ്ബുല്ല പോരാളികളും മറ്റും പദ്ധതിയിട്ടതായി കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്തിലുള്ള ബന്ധുക്കള്‍ തിരികെവരാന്‍ നിര്‍ബന്ധിക്കണമെന്ന് സ്വദേശത്തുള്ള പൗരന്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അറബ്, മുസ്ലിം നാടുകള്‍ സന്ദര്‍ശിക്കുന്നവരും ജാഗ്രത പാലിക്കണം. ഇസ്രായേല്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഈജിപ്ഷ്യന്‍ സുരക്ഷാ വിഭാഗങ്ങള്‍ യത്നിക്കുമെന്ന് കേന്ദ്രം മേധാവി ജനറല്‍ നൈതാന്‍ റോയല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.വിദേശരാജ്യത്തുള്ള തങ്ങളുടെ ഏതാനും പൗരന്‍മാരെ റാഞ്ചാനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബറാക് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
അവലംബം: അല്‍ജസീറ

No comments: