Friday, March 28, 2008

അബ്ബാസിന്‍റെ സൈന്യത്തിന് ആയുധമെത്തിക്കാന്‍ ഇസ്രായേലിന്‍റെ ഒത്താശ

പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന്‍റെ കീഴിലുള്ള ഫലസ്തീന്‍ സുരക്ഷാ സേനക്കുള്ള ആയുധ ശേഖരമടങ്ങിയ വാഹനവ്യൂഹം തങ്ങളുടെ അധീനതയിലുള്ള അതിര്‍ത്തി വഴി കടന്നുപോകാന്‍ അനുവദിച്ചതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബാറാക് വെളിപ്പെടുത്തി.കവചിത വാഹനങ്ങളടക്കമുള്ള സന്നാഹമാണ് അബ്ബാസിന്‍റെ സേനക്ക് ലഭിക്കുക.ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ് ബാറാകിന്‍റെ പ്രസ്താവന.എന്നാല്‍ അവയുടെ എണ്ണവും മറ്റ് വിശദ വിവരങ്ങളും വെളിപ്പെടുത്താന്‍ ബാറാകിന്‍റെ ഓഫിസ് തയാറായില്ല. ഫലസ്തീനി ബിസിനസുകാര്‍ക്ക് യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനും തീരുമാനിച്ചതായി ബാറാക് പറഞ്ഞു.ആയിരത്തി അഞ്ഞൂറോളം ബിസിനസുകാര്‍ക്ക് ഉടന്‍ പ്രത്യേക യാത്രാനുമതി ലഭിക്കുമെന്ന് ഇസ്രായേലിലെ യൂറോപ്യന്‍ യൂനിയന്‍ സ്ഥാനപതി പറഞ്ഞു.ആയിരത്തോളം ഫലസ്തീനികള്‍ക്ക് അനുമതി നല്‍കിയതായി ഇസ്രായേല്‍ വക്താവ് അവകാശപ്പെട്ടു.
സമാധാന ചര്‍ച്ചക്ക് അനുകൂലമായ നടപടികള്‍ ഇസ്രായേലിന്‍റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന അറബ്-അമേരിക്കന്‍-യൂറോപ്യന്‍ അഭിപ്രായം തണുപ്പിക്കാനാണ് ഇസ്രായേലിന്‍റെ ഈ നടപടിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസിന്‍റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ഇസ്രായേലിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്. അതേസമയം,ഹമാസിനെ ഒതുക്കാനുള്ള അമേരിക്കന്‍ പദ്ധതിയുടെ ഭാഗമയാണത്രെ ഫലസ്തീന്‍ ഔദ്യോഗിക വിഭാഗത്തിനുള്ള ആയുധക്കടത്തിന് ഇസ്രായേല്‍ അനുമതി നല്‍കിയത്.യൂറോപ്യന്‍ യൂനിയന്‍ നല്‍കിയ ആയുധങ്ങളും ചില അറബ് രാജ്യങ്ങളില്‍ നിന്നുള്ള സഹായ ധനവും മുമ്പും അബ്ബാസിന് ലഭിച്ചിരുന്നു.ജോര്‍ദാനില്‍ പരിശീലനം നേടിയ ഫലസ്തീന്‍ സുരക്ഷാ സേനയിലെ അറുന്നൂറ് ‍ഭടന്‍മാരെ പടിഞ്ഞാറെ കരയിലെ ജനീന്‍ പട്ടണത്തില്‍ വിന്യസിക്കാന്‍ ഈ വാരാദ്യം ഇസ്രായേല്‍ അനുവദിച്ചിരുന്നു.ക്രമസമാധാന പാലനമെന്ന പേരില്‍ ഹമാസിന്‍റെ പ്രവര്‍ത്തകരെ നിയന്ത്രിക്കുകയാണ് സേനാ വിന്യാസത്തിന്‍റെ ലക് ഷ്യമത്രെ.
അവലംബം : റോയിട്ടേഴ്സ്

1 comment:

മിഡിലീസ്റ്റ് ന്യൂസ് said...

പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന്‍റെ കീഴിലുള്ള ഫലസ്തീന്‍ സുരക്ഷാ സേനക്കുള്ള ആയുധ ശേഖരമടങ്ങിയ വാഹനവ്യൂഹം തങ്ങളുടെ അധീനതയിലുള്ള അതിര്‍ത്തി വഴി കടന്നുപോകാന്‍ അനുവദിച്ചതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബാറാക് വെളിപ്പെടുത്തി.കവചിത വാഹനങ്ങളടക്കമുള്ള സന്നാഹമാണ് അബ്ബാസിന്‍റെ സേനക്ക് ലഭിക്കുക