Monday, March 31, 2008

തുര്‍ക്കി കോടതി എ.കെ.പാര്‍ട്ടിയെ വിചാരണ ചെയ്യും



അങ്കാറ:ഭരണകക്ഷിയായ എ.കെ.പാര്‍‌ട്ടിയെ നിരോധിക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ അപ്പീല്‍ തുര്‍ക്കി ഭരണഘടനാ കോടതി ഫയലില്‍ സ്വീകരിച്ചു.എ.കെ. പാര്‍ട്ടി നേതാവും തുര്‍‌ക്കി പ്രസിഡന്‍റുമായ അബ്ദുല്ലാ ഗുലിനേയും പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍‍‌ദുഗാനേയും അഞ്ചു വര്‍‍‌ഷത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെടുന്നതാണ് ഹരജി.മതേതരത്വത്തിനു വിരുദ്ധമായ പ്രവര്‍‌ത്തനങ്ങളിലേര്‍‌പ്പെട്ടെന്നാരോപിച്ചാണ് എ.കെ.പാര്‍‌ട്ടിക്കെതിരെ (ജസ്റ്റിസ് ആന്‍റ് ഡെവലപ്മെന്‍റ് പാര്‍‌ട്ടി)പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.പാര്‍ട്ടിയിലെ 71 പ്രമുഖ നേതാക്കളെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.

ജനസംഖ്യയില്‍ 99% മുസ്ലിംകളായ തുര്‍ക്കിയിലെ യൂനിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥിനികളുടെ ശിരോവസ്ത്ര നിരോധം പാര്‍‍ലമെന്‍റ് റദ്ദാക്കിയതാണ് ഭരണകക്ഷിക്കെതിരായ പുതിയ നീക്കങ്ങളിലേക്കെത്തിച്ചത്. തീവ്ര മതേതരത്വം നിലനില്‍ക്കുന്ന കമാലിസ്റ്റ് തുര്‍ക്കിയില്‍ പൊതു സ്ഥലങ്ങളില്‍ ശിരോവസ്ത്രമണിയുന്നതിന് നിരോധമുണ്ടായിരുന്നു. അതേ സമയം ഭരണകക്ഷിക്കെതിരായ നീക്കങ്ങള്‍ രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളുയര്‍ത്തുന്നതായി റിപ്പോര്‍‌ട്ട് ചെയ്യപ്പെടുന്നു.തുര്‍‌ക്കിയുടെ യൂറോപ്യന്‍ യൂനിയന്‍ പ്രവേശം നിര്‍‌ണ്ണായക ഘട്ടത്തിലെത്തിയിരിക്കെ എ.കെ.പാര്‍‌ട്ടിക്കെതിരായ നീക്കങ്ങളെ ഇ.യു ശക്തമായി വിമര്‍ശിച്ചു.വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് തുര്‍ക്കി ഓഹരി വിപണിയില്‍ വന്‍ ഇടിവാണുണ്ടായത്. രാജ്യത്ത് ഇസ്ലാമിക വ്യവസ്ഥ നടപ്പാക്കാനുള്ള അജണ്ടയെ കുറിച്ച ആരോപണങ്ങള്‍ പാര്‍ട്ടി ശക്തമായി നിഷേധിച്ചു.ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതാണ് തീവ്രമതേതരവാദികളുടെ നീക്കമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ വര്‍‌ഷം നടന്ന പൊതു തെരെഞ്ഞെടുപ്പില്‍ 46.6% വോട്ടുനേടിയാണ് എ.കെ. പാര്‍ട്ടി തുടര്‍ച്ചയായ രണ്ടാം തവണ അധികാരത്തിലെത്തിയത്.

1 comment:

മിഡിലീസ്റ്റ് ന്യൂസ് said...

ഭരണകക്ഷിയായ എ.കെ.പാര്‍‌ട്ടിയെ നിരോധിക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ അപ്പീല്‍ തുര്‍ക്കി ഭരണഘടനാ കോടതി ഫയലില്‍ സ്വീകരിച്ചു.എ.കെ. പാര്‍ട്ടി നേതാവും തുര്‍‌ക്കി പ്രസിഡന്‍റുമായ അബ്ദുല്ലാ ഗുലിനേയും പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍‍‌ദുഗാനേയും അഞ്ചു വര്‍‍‌ഷത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെടുന്നതാണ് ഹരജി.മതേതരത്വത്തിനു വിരുദ്ധമായ പ്രവര്‍‌ത്തനങ്ങളിലേര്‍‌പ്പെട്ടെന്നാരോപിച്ചാണ് എ.കെ.പാര്‍‌ട്ടിക്കെതിരെ (ജസ്റ്റിസ് ആന്‍റ് ഡെവലപ്മെന്‍റ് പാര്‍‌ട്ടി)പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.പാര്‍ട്ടിയിലെ 71 പ്രമുഖ നേതാക്കളെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.