Sunday, August 3, 2008

ഇസ്രായേലില്‍ നിന്ന് തിരിച്ചെത്തിയ ഫതഹ് പ്രവര്‍ത്തകര്‍ ഹമാസ് കസ്റ്റഡിയില്‍

ഗസ്സ: ഇസ്രായേലിലേക്ക് ഓടിപ്പോയവരില്‍ തിരിച്ചെത്തിയ മുപ്പതോളം ഫതഹ് പ്രവര്‍ത്തകരെ ഹമാസ് അധീനതയിലുള്ള സുരക്ഷാ സൈന്യം കസ്റ്റഡിയിലെടുത്തു. ഇസ്രായേല്‍ അഭയം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഗസ്സയില്‍ തിരിച്ചെത്തിയത്. അതേസമയം, ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് അവരെ തിരിച്ചയച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യഹൂദ് ബറാക് വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കിയത് ഭീകരതയെ എതിര്‍ക്കുകയും സമാധാന ശ്രമങ്ങളെ പിന്തുണക്കുകയും ചെയ്യുന്നവര്‍ക്കുള്ള സഹായമാണെന്ന് ഇസ്രായേല്‍ വക്താവ് ചൂണ്ടിക്കാട്ടി.


ഒമ്പത് പേരുടെ മരണത്തിലും 95 പേര്‍ പരിക്കേല്‍ക്കുന്നതിലും കലാശിച്ച ഗസ്സയിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്നാണ് 180 ഫതഹ് പ്രവര്‍ത്തകര്‍ ഇസ്രായേലില്‍ അഭയം തേടിയത്. പരിക്കേറ്റവരെ ചികിത്സിക്കാന്‍ തയാറായ ഇസ്രായേല്‍ മറ്റുള്ളവരെ തിരിച്ചയക്കുകയാണുണ്ടായത്. ഇനിയും തിരിച്ചെത്താത്തവരുടെ മടക്കകാര്യം ഇസ്രായേല്‍ അധികൃതരുമായി കൂടിയാലോചിക്കുന്നതായി ഫതഹ് നേതാവ് ഹുസൈന്‍ ശൈഖ് വെളിപ്പെടുത്തി. അതേസമയം, ക്രമസമാധാനപ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ മാത്രമേ നിയമനടപടിയെടുക്കൂവെന്ന് ഹമാസ് വക്താവ് സാമി അബൂസുഹ് രി പറഞ്ഞു. കസ്റ്റഡിയിലെടുത്തിരുന്നവരെ ഹമാസും ഫതഹും പരസ്പരം കൈമാറിയിരുന്നു.

No comments: