ഗസ്സ: ഗസ്സ ചീന്തിന് മേലുള്ള ഇസ്രായേലി ഉപരോധം ലംഘിച്ചെത്തിയ രണ്ട് ബോട്ടുകള്‍ക്ക് ഗസ്സ വാസികള്‍ ഊഷ്മള സ്വീകരണം നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ നിലനില്‍ക്കുന്ന ഉപരോധം മറികടന്ന് പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള 44 പേരുമായാണ് `ലിബര്‍ട്ടി`യും `സ്വതന്ത്ര ഗസ്സ`യും ഗസ്സ തീരത്തണഞ്ഞത്.സൈപ്രസ് ദ്വീപില്‍ നിന്നെത്തിയ ബോട്ടുകളില്‍ അധികവും അമേരിക്കന്‍- ബ്രിട്ടീഷ് സമാധാന പ്രവര്‍ത്തകരാണ്. നിയമജ്ഞരും ഭിഷഗ്വരന്‍മാരും മാധ്യമ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും സംഘത്തിലുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെ ഭാര്യാ സഹോദരി ലോറന്‍ ബോത് ആണ് ഇവരില്‍ പ്രമുഖ.
ഖേഫ് ഹെല്‍വര്‍
ഒരു ഇസ്രായേല്‍ പൗരനും സംഘത്തിലുണ്ട്. സമാധാന പ്രവര്‍ത്തകനായ പ്രൊഫസര്‍ ഖേഫ് ഹെല്‍വര്‍ ആണ് ഗസ്സയിലെത്തിയ ഏക ഇസ്രായേലി. ഉപരോധ ലംഘന യാത്രയില്‍ ഇസ്രായേലി സമാധാന പ്രവര്‍ത്തകരുടെ അഭാവത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഗസ്സക്കാര്‍ തനിച്ചല്ലെന്ന സന്ദേശമുയര്‍ത്തിയുള്ള യാത്ര കേവല പ്രതീകാത്മകമല്ല. ഗസ്സയും പുറം ലോകവും തമ്മില്‍ ബന്ധം പുന:സ്ഥാപിക്കാന്‍ ഇത് വഴിയൊരുക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിന് അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കണം. ഉപരോധത്തോടുള്ള അറബ് ലീഗിന്‍റെ നിസ്സംഗ നിലപാട് തിരുത്തണം. ഗസ്സയിലെത്തിയ തങ്ങളോടുള്ള ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ സമീപനം ഗൗരവപൂര്‍വമല്ലാത്തത് നിരാശപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
ഇസ്രായേലില്‍ തിരിച്ചെത്തിയാല്‍ ഹെല്‍വറിനെതിരെ നടപടിയുണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ താന്‍ അത് ഗൗനിക്കുന്നില്ലെന്നും ന്യായവും സത്യവുമാണ് തനിക്ക് വിലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അവലംബം: അല്‍ജസീറ