
നോര്‍ത്ത് കരോലിന: അടുത്തവര്‍ഷം ആഗസ്റ്റ് 31ഓടെ ഇറാഖില്‍ അമേരിക്കന്‍ സൈന്യം മുഴുവന്‍ യുദ്ധപ്രക്രിയകളും അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. എന്നാല്‍ ഇറാഖി പട്ടാളത്തെയും സുരക്ഷാ സേനയെയും സഹായിക്കാന്‍ മുപ്പത്തയ്യായിരം മുതല്‍ അമ്പതിനായിരം വരെ സൈനികര്‍ അവിടെ തുടരുമെന്ന് നോര്‍ത്ത് കരോലിനയിലെ ക്യാമ്പ് ലെജ്യൂനില്‍ നടത്തിയ പ്രഭാഷണത്തില്‍ ഒബാമ വ്യക്തമാക്കി. ഇറാഖിന്‍റെ മണ്ണിലും വിഭവങ്ങളിലും അമേരിക്കക്ക് താല്പര്യങ്ങളില്ലെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു. 2010ന് ശേഷവും സേന ഇറാഖില്‍ തുടരുന്നതിനോടുള്ള ഇറാഖികളുടെ രോഷം തണുപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു.
ഒബാമയുടെ ഈ പദ്ധതിക്ക് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ എതിരാളിയായിരുന്ന സെനറ്റര്‍ ജോണ്‍ മക്കെയിന്‍ പിന്തുണ പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഒബാമയുടെ ഇറാഖ് പിന്‍മാറ്റ പദ്ധതിയെ മക്കെയിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.അതിനിടെ, സൈനിക പിന്‍മാറ്റ അജണ്ടയെ കുറിച്ച് ധരിപ്പിക്കാന്‍ ഒബാമ ഇറാഖി പ്രധാനമന്ത്രി നൂരി അല്‍മാലികിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.


2003ല്‍ അമേരിക്കന്‍ സഖ്യസൈന്യത്തിന്‍റെ അധിനിവേശത്തെ തുടര്‍ന്ന് വിദേശസൈന്യം പിടികൂടിയ നൂറുകണക്കിന് ഇറാഖികളെയാണ് അബൂഗുറൈബില്‍ താമസിപ്പിച്ചിരുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച മൃഗീയമായ പീഡനചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ലോകത്തെങ്ങും അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരെ പ്രതിഷേധം അലയടിച്ചത്. അതിക്രൂരമായ ശാരീരിക മാനസിക പീഡനമുറകളാണ് അമേരിക്കന്‍ സൈനികര്‍ ഇറാഖി തടവുകാര്‍ക്കെതിരെ പ്രയോഗിച്ചത്. മര്‍ദനത്തിന്‍റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചതും അതില്‍ ആനന്ദം കണ്ടെത്തിയതും അമേരിക്കന്‍ പട്ടാളക്കാരായിരുന്നു. ആ സംഭവങ്ങളെ തുടര്‍ന്ന് അബൂഗുറൈബ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോരാട്ടം ശക്തമായി. പോരാളികളുടെ ശക്തമായ ആക്രമണങ്ങളെ തുടര്‍ന്ന് 2006ല്‍ അബൂഗുറൈബ് അടച്ചുപൂട്ടാന്‍ അമേരിക്ക തയാറായി. 

