Thursday, December 18, 2008

'വിശ്വവിഖ്യാത' ഷൂവിന് വധശിക്ഷ നടപ്പാക്കി

ബഗ്ദാദ്: യു.എസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷിന് നേരെ ഇറാഖി മാധ്യമ പ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍സെയ്ദി എറിഞ്ഞ ഷൂ അധികൃതര്‍ നശിപ്പിച്ചു. ഇരു ഷൂകളും പരിശോധിച്ച ശേഷം നശിപ്പിച്ചതായി ജഡ്ജിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖി, അമേരിക്കന്‍ സുരക്ഷാ വിഭാഗങ്ങള്‍ ഷൂ പഠനവിധേയമാക്കിയ ശേഷം നശിപ്പിച്ചുവെന്നറിയിച്ച ജഡ്ജി ഈ നടപടിയെ വിമര്‍ശിച്ചു. ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്നാണ് സെയ്ദിയെ വിട്ടയക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. സെയ്ദി പീഡിപ്പിക്കപ്പെട്ടതായി കരുതുന്നില്ല. സംഭവ സമയത്തേറ്റ ക്ഷതമാണ് മുഖത്തുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Wednesday, December 17, 2008

മുന്‍തദറിന്‍റെ വിചാരണ തുടങ്ങി; പിന്തുണയുമായി ഷാവേസും ഹമാസും ഹിസ്ബുല്ലയും

ബഗ്ദാദ്: ബഗ്ദാദില്‍ വാര്‍ത്താസമ്മേളനത്തിനിടെ ബുഷിന് നേരെ ഷൂവെറിഞ്ഞതിന് പിടിയിലായ അല്‍ബഗ്ദാദിയ ചാനല്‍ റിപ്പോര്‍ട്ടര്‍ മുന്‍തദര്‍ അല്‍സെയ്ദിയുടെ വിചാരണ തുടങ്ങി. കനത്ത സുരക്ഷാ വലയത്തില്‍ അതീവ രഹസ്യമായാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്. ഇരുഭാഗം അഭിഭാഷകരും ഹാജരായിരുന്നു. ബുഷിനെ ആക്രമിക്കാന്‍ തുനിഞ്ഞതായി സെയ്ദി സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു. അതിനിടെ അദ്ദേഹത്തിന് വേണ്ടി ഇറാഖി അഭിഭാഷകരുടെ കൂട്ടായ്മ രൂപീകരിച്ചു. സെയ്ദിക്ക് നീതിപൂര്‍വകമായ വിചാരണ ഉറപ്പുവരുത്തി മോചിപ്പിക്കാന്‍ സര്‍വശ്രമവും നടത്തുമെന്ന് അഭിഭാഷക ടീം വ്യക്തമാക്കി. അതിഥിയായ പ്രസിഡന്‍റിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഇറാഖി പ്രധാനമന്ത്രിയെ അപമാനിച്ചെന്നുമാണ് കേസ്. ഏഴ് മുതല്‍ 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം, സെയ്ദിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് കുടുംബാംഗങ്ങളും ബഗ്ദാദിയ ചാനലും പറയുന്നു. മുന്‍തദറിന്‍റെ കൈകളില്‍ കനത്ത ക്ഷതമേറ്റ് ഒടിഞ്ഞതായി സഹോദരന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളന വേദിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ നിലത്ത് രക്തം കണ്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ ലോക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെയ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ കോണുകളില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്ത് വന്നിട്ടുണ്ട്. വെനിസ്വെലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ്, ഫലസ്തീനിലെ ഹമാസ്, ലബനാനിലെ ഇസ്ലാമിക പോരാട്ട സംഘടന ഹിസ്ബുല്ല എന്നിവരാണ് ഇന്നലെ പിന്തുണ പ്രഖ്യാപിച്ചത്. അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ പൊതുവെ സെയ്ദിക്ക് അനുകൂല സമീപനമാണ് സ്വീകരിച്ചതെങ്കിലും ഔദ്യോഗിക തലത്തില്‍ ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല. സംഭവത്തെ അപലപിച്ചാല്‍ ജനരോഷം ഉണ്ടാകുമെന്ന ഭീതിയും അമേരിക്കയെ പിണക്കേണ്ടെന്ന തന്ത്രവുമാണ് അറബ് രാജ്യങ്ങളുടെ മൗനത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ബുഷ് അര്‍ഹിക്കുന്നതാണ് സംഭവിച്ചതെന്ന് ജനസാമാന്യം കരുതുമ്പോഴും അമേരിക്കന്‍ പ്രസിഡന്‍റിനെതിരായ ആക്രമണത്തെ ഹീനകൃത്യമെന്നാണ് ഇന്ത്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.

അറബ്- പാശ്ചാത്യ മാധ്യമങ്ങളില്‍ പൊതുവെയും അച്ചടിമാധ്യമങ്ങളില്‍ പ്രത്യേകിച്ചും 'ഷൂ പ്രയോഗം' നിറഞ്ഞുനിന്നു. പല പ്രശസ്ത ദിനപത്രങ്ങളിലും 'ഷൂ' ആയിരുന്നു മുഖക്കുറിപ്പുകളുടെയും ലേഖനങ്ങളുടെയും കേന്ദ്രകഥാപാത്രം. 'ഏറി'ന്‍റെ ചിത്രങ്ങളും ചലച്ചിത്രങ്ങളും ഇലക്ട്രോണിക് മീഡിയകളില്‍ നിറഞ്ഞു.

ഫലസ്തീന്‍ സ്പീക്കര്‍ക്ക് അധിനിവേശകോടതി തടവ് വിധിച്ചു

റാമല്ല: ഫലസ്തീന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ അസീസ് അല്‍ദ്വീകിന് ഇസ്രായേലിലെ ഓഫര്‍ സൈനിക കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചു. ഇതിന് പുറമെ രണ്ട് വര്‍ഷത്തെ ശിക്ഷ കൂടി വിധിച്ചെങ്കിലും സ്റ്റേ ചെയ്തിട്ടുണ്ട്. 2006 ജൂണ്‍ 29നാണ് ദ്വീകിനെ അധിനിവേശ സൈന്യം പിടികൂടിയത്. വിചാരണ തടവ് 28 മാസം പിന്നിടുന്ന വേളയിലാണ് ഈ വിധി. മുപ്പത് ശതമാനം ഹമാസ് മന്ത്രിമാരെയും‍ ഇരുപത് ഹമാസ്‍ എം.പിമാരെയും അക്കാലയളവില്‍ സയണിസ്റ്റ് സേന തടവിലിട്ടിരുന്നു. ഹമാസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Tuesday, December 16, 2008

അഭിമാനത്തോടെ സെയ്ദിയുടെ കുടുംബം

മുന്‍തദര്‍ സെയ്ദിയുടെ ഫോട്ടോയുമായി കുടുംബാംഗം
ബഗ്ദാദ്: ബുഷിന് നേരെ ഷൂ എറിഞ്ഞ മുന്‍തദര്‍ സെയ്ദിയെ കുറിച്ച് അഭിമാനം കൊള്ളുകയാണ് അദ്ദേഹത്തിന്‍റെ കുടുംബം. ലക്ഷക്കണക്കിന് ഇറാഖികള്‍ ആഗ്രഹിക്കുന്നതാണ് അവന്‍ ചെയ്തതെന്ന് മൂത്തസഹോദരന്‍ ഉദയ്യ് അല്‍സെയ്ദി പറയുന്നു. ദൈവത്തിന് സ്തുതി, ഇന്ന് ഇറാഖികള്‍ തലയുയര്‍ത്തി. ഞങ്ങളുടെ നാടിനെ ചുട്ടുചാമ്പലാക്കിയ, ലക്ഷങ്ങളെ നിരാലംബരാക്കിയ ബിഷിനെതിരെ അവന്‍ ധീരത കാട്ടി. ഇത് ഇറാഖികളുടെ മനം കുളിര്‍പ്പിക്കുന്നു, ആവേശഭരിതരാക്കുന്നു. ഞങ്ങള്‍ പൂക്കള്‍ കൊണ്ട് അമേരിക്കയെ എതിരേറ്റെന്ന് ആരോപിച്ചവരുണ്ടായിരുന്നു. ഞങ്ങള്‍ സാധാരണ ഇറാഖികള്‍ അധിനിവേശകനെയോ അധിനിവേശ നിയമങ്ങളെയോ വകവെക്കില്ലെന്ന് ഇപ്പോഴെങ്കിലും ലോകമറിയട്ടെ- ഉദയ്യ് തുടര്‍ന്നു.

ബുഷിനെ വെല്ലുവിളിക്കാന്‍ ധൈര്യം കാട്ടിയ മുന്‍തദര്‍ യഥാര്‍ത്ഥ ഹീറോയാണെന്ന് സഹോദരി ഉമ്മു ഫിറാസ് പറഞ്ഞു. അവന്‍ ധീരനാണ്. ദൈവം അവനെ രക്ഷിക്കും- അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സെയ്ദിയുടെ ഭാവിയെ കുറിച്ച് ആശങ്കയിലാണ് കുടുംബം. ഇറാഖി സുരക്ഷാ വിഭാഗം അവന്‍റെ ജീവന്‍ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകനാണോ? ഷൂ പുറത്ത്!

ചില അറബ് രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ച മൊബൈല്‍ മെസേജാണിത്. ഇറാഖിലെ ഷൂ പ്രയോഗത്തിന് ശേഷം ഫലസ്തീന്‍ സന്ദര്‍ശിക്കാനിരിക്കുന്ന ബുഷ് വാര്‍ത്താസമ്മേളനത്തിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ ഷൂ പുറത്തഴിച്ചുവെക്കണമെന്ന നിര്‍ദേശം നല്‍കാന്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിനോടാവശ്യപ്പെട്ടിട്ടുണ്ടത്രെ. ഈ 'വാര്‍ത്ത'യാണ് എസ്.എം.എസ് മുഖേന ഏറ്റവുമധികം പ്രചരിച്ചത്. ഷൂ ബുഷിന്‍റെ പേടിസ്വപ്നം..... ഇങ്ങനെ പോകുന്നു എസ്.എം.എസുകള്‍.

ബുഷിനെ എറിഞ്ഞ ഷൂവിന് ഒരു കോടി ഡോളറുമായി സൗദി പൗരന്‍

ഹസന്‍ മുഹമ്മദ്
‍ജോര്‍ജ് ബുഷിന് നേരെ ഇറാഖി മാധ്യമപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍സെയ്ദി ‍എറിഞ്ഞ ചൂവിന് ഒരു കോടി ഡോളര്‍ നല്‍കാമെന്ന് സൗദി റിയല്‍ എസ്റ്റേറ്റ് ബിസിന‍സുകാരന്‍. തെക്കുപടിഞ്ഞാറന്‍ സൗദിയിലെ അസീര്‍ പ്രദേശത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് മുതലാളിയായ ഹസന്‍ മുഹമ്മദ് മഖാഫ: ആണ് ഐതിഹാസിക ഷൂ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇന്‍റര്‍നെറ്റില്‍ ഇത് സംബന്ധിച്ച പരസ്യം നല്‍കിക്കഴിഞ്ഞു. കേവലം ഷൂ അല്ല, സ്വാതന്ത്ര്യ പതക്കമാണത്. അറബ് ജനതയുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യവും അന്തസും വീണ്ടെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു ആ ഏറ്. അതിനാല്‍ തന്‍റെ മുഴുവന്‍ സ്വത്തിനെക്കാളും ആ ഷൂ ഞാന്‍ വിലമതിക്കുന്നു- ഹസന്‍ പറയുന്നു. തന്‍റെ കുടുംബാംഗങ്ങള്‍ തനിക്ക് പിന്തുണ നല്‍കിയതായി അദ്ദേഹം പറഞ്ഞു. കച്ചവടക്കണ്ണോടെയല്ല താന്‍ ഇത് കാണുന്നത്. എനിക്ക് ശേഷം മക്കള്‍ക്ക് അനന്തര‍മായി നല്‍കും. സ്വാതന്ത്ര്യത്തിന്‍റെ മുദ്രയായി അതെന്നും നിലനില്‍ക്കണം. ഇറാഖി സുരക്ഷാ അധികൃതരുടെ കൈവശമുള്ള ഷൂ തിരിച്ചുകിട്ടാന്‍ സെയ്ദിക്കവകാശമുണ്ട്. അത് തിരിച്ചുകിട്ടിയാല്‍ ഞാന്‍ അത് സ്വന്തമാക്കും- ഹസന്‍ മുഹമ്മദ് പറഞ്ഞു.

മുന്‍തദര്‍ സെയ്ദിയെ കുറിച്ച്


ബുഷിന് നേരെ ഷൂ എറിഞ്ഞ് അറസ്റ്റിലായി ലോകശ്രദ്ധ നേടിയ ഇറാഖി മാധ്യമ പ്രവര്‍ത്തകന്‍. തെക്കന്‍ ഇറാഖിലെ അല്‍ഇമാറ പട്ടണത്തിലാണ് 29കാരന്‍റെ ജനനം. ഇമാറയില്‍ പ്രാഥമിക വിദ്യാഭ്യാസം. ബഗ്ദാദ് കോളജില്‍ നിന്ന് ജേണലിസം ബിരുദം നേടി. പഠന കാലത്ത് ഇറാഖിലെ കമ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരുന്നു. കമ്യൂണിസ്റ്റ് കക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ അംഗമായിരുന്നു. പാര്‍ട്ടി പിരിച്ചുവിട്ടതോടെ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ജേണലിസം പഠിച്ചെങ്കിലും മാധ്യമ രംഗത്തിറങ്ങിയത് അടുത്ത കാലത്താണ്. ഈജിപ്തില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന അല്‍ബഗ്ദാദിയ ചാനലിലാണ് ആദ്യമായി ചേര്‍ന്നത്. അതിന്‍റെ റിപ്പോര്‍ട്ടറാണിപ്പോള്‍. അവിവാഹിതനാണ്. സുഹൃത്തുക്കള്‍ക്കിടയില്‍ ശാന്തപ്രകൃതന്‍. അമേരിക്കന്‍ അധിനിവേശ വിരുദ്ധന്‍. 2007 നവംബര്‍ മധ്യത്തില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സെയ്ദി മൂന്നാഴ്ച ബന്ദിയായ ശേഷം മോചിതനായി. ഇപ്പോള്‍ ഇറാഖി പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്‍റെ കസ്റ്റഡിയില്‍.