Thursday, February 5, 2009

സ്വീഡനില്‍ ഇസ്രായേലി അംബാസഡര്‍ക്ക് ചെരിപ്പേറ്

സ്റ്റോക്ക് ഹോം: അധിനിവേശശക്തികള്‍ക്ക് നേരെയുള്ള പ്രതിഷേധത്തിന്‍റെ പ്രതീകമായി ചെരുപ്പേറ് വ്യാപകമാകുന്നു. സ്വീഡനിലെ ഇസ്രായേല്‍ അംബാസഡര്‍ ബെന്നി ഡാഗനാണ് ഏറ്റവുമവസാനം ചെരിപ്പേറ് നേരിട്ടത്. ചൊവ്വാഴ്ച സ്റ്റോക്ക് ഹോമില്‍ ഇസ്രായേല്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിപാടിയില്‍ സംസാരിക്കവെ ഏതാനും യുവാക്കള്‍ ഷൂവെറിയുകയായിരുന്നു. രണ്ട് പേരെ സ്വീഡിഷ് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗസ്സയില്‍ കിരാതമായ കൂട്ടക്കുരുതി നടത്തിയ ഇസ്രായേലിനെതിരെ പാശ്ചാത്യ ലോകത്തും പ്രതിഷേധം ശക്തമാണെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഡിസംബര്‍ പതിനാലിന് ബഗ്ദാദില്‍ വിടവാങ്ങലിനെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന് നേരെ ഇറാഖി മാധ്യമ പ്രവര്‍ത്തകന്‍ മുന്‍തദിര്‍ അല്‍സെയ്ദി ഷൂ എറിഞ്ഞതോടെയാണ് പ്രതിഷേധ പ്രകടനത്തിന്‍റെ പ്രതീകമായി ഷൂ ഏറ് സ്ഥാനംപിടിക്കുന്നത്.

Monday, February 2, 2009

ഉര്‍ദുഗാനെതിരെ സയണിസ്റ്റ് ലോബി രംഗത്ത്


ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇസ്രായേല്‍ പ്രസിഡന്‍റ് ഷിമോണ്‍ പെരസിനെതിരെ രൂക്ഷമായി സംസാരിക്കുകയും ഇസ്രായേലിന്‍റെ ഗസ്സ ആക്രമണത്തില്‍ പ്രതിഷേധിച്ച് വേദിയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്ത തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ സയണിസ്റ്റ്ലോബി തീവ്രശ്രമം നടത്തുന്നതായി പ്രമുഖ ഇസ്രായേലി പത്രം 'ഹാരെറ്റ്സ്'. വിവിധ രാജ്യങ്ങളിലുള്ള ജൂതകൂട്ടായ്മകള്‍ ഉര്‍ദുഗാനെ മൂലക്കിരുത്താന്‍ തുര്‍ക്കി സൈന്യത്തില്‍ സമ്മര്‍ദം ചെലുത്തുകയാണത്രെ.

യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനുള്ള തുര്‍ക്കിയുടെ ശ്രമങ്ങളെ നിഷ്ഫലമാക്കാന്‍ ഇനി അനായാസം സാധിക്കുമെന്നാണ് സയണിസ്റ്റ് കണക്കുകൂട്ടല്‍. ഇസ്രായേലിനെതിരെ ഉര്‍ദുഗാന്‍ വൈകാരിക പ്രകടനം നടത്തിയതോടെ യൂറോപ്യന്‍ രാജ്യങ്ങളെ തുര്‍ക്കിക്കെതിരെ തിരിക്കാന്‍ പ്രയാസമില്ലെന്ന് സയണിസ്റ്റുകള്‍ കരുതുന്നു. മറുവശത്ത്, തുര്‍ക്കിയുടെ ഇ.യു അംഗത്വത്തിന് ഉര്‍ദുഗാനെ പോലുള്ളവര്‍ തടസമാണെന്ന് തുര്‍ക്കി സൈന്യത്തെ ധരിപ്പിക്കാനാണ് ജൂതലോബിയുടെ ശ്രമം.
എന്നാല്‍, സൈന്യത്തെ ഉപയോഗിച്ച് ഉര്‍ദുഗാനെ മറിച്ചിടുക പഴയ പോലെ എളുപ്പമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനാല്‍ ഇസ്രായേലിനെതിരായ കടുത്ത നിലപാടില്‍ നിന്ന് പിന്‍മാറാന്‍ ഉര്‍ദുഗാനില്‍ സമ്മര്‍ദം ചെലുത്തുകയെന്നതാണ് സയണിസ്റ്റ് ലോബിയുടെ മിനിമം ലക് ഷ്യം.
തുര്‍ക്കി ഒരിക്കലും നിഷ്പക്ഷ മാധ്യസ്ഥനല്ലെന്നും ഇസ്രായേലിനെ മാനിക്കാന്‍ ഉര്‍ദുഗാന്‍ തയാറാകണമെന്നും ഇസ്രായേല്‍ നേതൃത്വം പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലിനെതിരെ സദാ സജ്ജരാവാന്‍ ഹമാസിന് ഇറാന്‍റെ ഉപദേശം


തെഹ്റാന്‍: അധിനിവേശ ശക്തികള്‍ക്കെതിരെ സദാ യുദ്ധസജ്ജരായിരിക്കണമെന്ന് ഹമാസിന് ഇറാന്‍ പരമോന്നത നേതാവ് ആയതുല്ലാ അലി ഖാംനഈയുടെ ഉപദേശം. ഇസ്രായേലിന്‍റെ പുതിയ യുദ്ധത്തെ നേരിടാന്‍ തയാറായിരിക്കാന്‍ തന്നെ സന്ദര്‍ശിച്ച ഹമാസ് പോളിറ്റ് ബ്യൂറോ മേധാവി ഖാലിദ് മിശ്അലിനോട് ഖാംനഈ പറഞ്ഞതായി പേര്‍ഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗസ്സക്കാരുടെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു. മിശ്അലിന്‍റെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം ഇറാന്‍ പ്രസിഡന്‍റ് അഹ് മദി നജാദുമായി ചര്‍ച്ച നടത്തിയിരുന്നു. ഹമാസിനെ ശക്തമായി പിന്തുണക്കുന്ന ചുരുക്കം ഭരണകൂടങ്ങളിലൊന്നാണ് ഇറാന്‍. ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഹമാസ് സംഘം തെഹ്റാനിലെത്തിയത്.

സോമാലിയ: പുതിയ നേതൃത്വത്തിന് മുന്നില്‍ കടുത്ത വെല്ലുവിളികള്‍


മൊഗദീശു: ദീര്‍ഘകാലമായി ആഭ്യന്തര യുദ്ധങ്ങളും പട്ടിണിയും മൂലം ദുരിതത്തിലായ സോമാലിയന്‍ ജനത പുതിയ പ്രസിഡന്‍റ് ശൈഖ് ശരീഫ് അഹ് മദിന്‍റെ നേതൃത്വത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 550 സോമാലിയന്‍ എം.പിമാര്‍ ജിബൂത്തിയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ രഹസ്യ ബാലറ്റിലൂടെയാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. രണ്ട് ഘട്ടം വോട്ടെടുപ്പ് നടന്നു. ഇരുവോട്ടിംഗിലും വന്‍ ഭൂരിപക്ഷത്തോടെയാണ് ശൈഖ് ശരീഫ് വിജയിച്ചത്. രണ്ടാം ഘട്ടത്തില്‍ 126നെതിരെ 283 വോട്ടുകളാണ് അദ്ദേഹം നേടിയത്. പ്രധാനമന്ത്രി നൂര്‍ ഹസന്‍ ഹുസൈന്‍, മുന്‍ പ്രസിഡന്‍റിന്‍റെ പുത്രന്‍ മുസ് ലിഹ് മുഹമ്മദ് ബര്‍റി എന്നിവരായിരുന്നു മുഖ്യ എതിരാളികള്‍. അവസാന റൗണ്ടില്‍ നൂര്‍ ഹസന്‍ പിന്‍മാറുകയായിരുന്നു.അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇസ്ലാമിസ്റ്റ് മിതവാദിയായാണ് ശൈഖ് ശരീഫ് അഹ് മദ് വിലയിരുത്തപ്പെടുന്നത്.
താനോ തന്‍റെ കക്ഷിയോ തീവ്രവാദികളല്ലെന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് കോര്‍ട്സിന് നേരെ മുന്‍വിധിയോടെയുള്ള നിലപാടുകള്‍ മാറ്റാന്‍ പാശ്ചാത്യലോകം തയാറാകണം. ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ഇസ്ലാമിന്‍റെമുഖം വികൃതമാക്കുന്നവരെയും ജനാധിപത്യ മാര്‍ഗേണ അധികാരത്തിലെത്തുകയും മധ്യമ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെയും വേര്‍തിരിച്ചുകാണാന്‍ പടിഞ്ഞാറ് പഠിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ അനുരഞ്ജനം, സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കല്‍, രാജ്യത്തിന്‍റെ പുനര്‍നിര്‍മാണം ഇതാണ് തന്‍റെ മുന്‍ഗണനാക്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും പര‍മാധികാരവും തിരിച്ചുപിടിക്കുമെന്ന് എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ ആഫ്രിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. അഡിസ് അബാബയില്‍ സുഡാന്‍ പ്രസിഡന്‍റ് ഉമറുല്‍ ബശീറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
യുദ്ധപ്രഭുക്കളുടെ നാടായ സോമാലിയയില്‍ എല്ലാം കുത്തഴിഞ്ഞ നിലയിലാണ്. ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുന്നു. ദാരിദ്ര്യത്തിന് മീതെ അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. വിദേശസൈനിക സാന്നിധ്യം അടുത്തിടെ ഇല്ലാതായിട്ടുണ്ട്. ക്രമസമാധാനവും പരമാധികാരവും വീണ്ടെടുക്കുകയെന്ന ലക് ഷ്യത്തോടെ ഇസ്ലാമിക പോരാളികള്‍ നടത്തിയ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ മുന്‍ സര്‍ക്കാരിന്‍റെ അനുമതിയോടെ എത്യോപ്യന്‍ സേന സോമാലിയയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇസ്ലാമിക് കോര്‍ട്സിനെ തല്ലിക്കെടുത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ വിരുദ്ധവികാരം കോര്‍ട്സിനനുകൂലമായി മാറുന്നതാണ് പിന്നീട് കണ്ടത്.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പുറമെ ഏദന്‍ കടലിടുക്കില്‍ സോമാലിയന്‍ കൊള്ളക്കാരുടെ പ്രശ്നം അന്താരാഷ്ട്രതലത്തില്‍ കത്തിനില്‍ക്കുകയാണ്. കടല്‍ക്കൊള്ളക്കാരെ അമര്‍ച്ച ചെയുകയെന്നത് പുതിയ നേതൃത്വത്തിന് വലിയ വെല്ലുവിളിയാകും. അതില്‍ പരാജയപ്പെടുന്ന പക്ഷം വൈദേശികശക്തികള്‍ക്ക് രാജ്യത്ത് കടന്നുകയറാന്‍ കാരണമാകുമെന്ന് പുതിയ നേതൃത്വം കരുതുന്നു. അതിനാല്‍ കടല്‍ക്കൊള്ളക്കാരെ അമര്‍ച്ച ചെയ്ത് ഏദന്‍ കടലിടുക്കിലെ ചരക്കുകപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ശൈഖ് ശരീഫിന്‍റെ ശ്രമഫലമായി നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും.

Sunday, February 1, 2009

ഇറാഖ് തെരഞ്ഞെടുപ്പ്: 51% പോളീംഗ്; മാലികി പക്ഷത്തിന് വിജയസാധ്യത

ഇറാഖ് പ്രധാനമന്ത്രി നൂരി മാലികി വോട്ട് രേഖപ്പെടുത്തുന്നു
ബഗ്ദാദ്: ഇറാഖിലെ പതിനാല് പ്രവിശ്യകളിലെ 440 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 51% പോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മധ്യേ തെരഞ്ഞെടുപ്പ് പ്രക്രിയ പൊതുവെ സമാധാനപരമായിരുന്നെങ്കിലും ഒന്നരക്കോടിയോളം വരുന്ന വോട്ടര്‍മാരില്‍ പകുതിയും സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയില്ല. നാല് വര്‍ഷത്തിന് ശേഷമാണ് പ്രവിശ്യാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാഴ്ചക്ക് ശേഷമേ അന്തിമഫലം പ്രഖ്യാപിക്കൂ. അതേസമയം, പ്രധാനമന്ത്രി നൂരി അല്‍മാലികിയുടെ കക്ഷി വന്‍ വിജയം നേടുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഖാലിദ് മിശ്അല്‍ ഇറാനില്‍


തെഹ്റാന്‍: ഹമാസ് പോളിറ്റ് ബ്യൂറോ മേധാവി ഖാലിദ് മിശ്അല്‍ ഇറാന്‍ പ്രസിഡന്‍റ് അഹ് മദി നജാദുമായി തെഹ്റാനില്‍ കൂടിക്കാഴ്ച നടത്തി. ഇറാന്‍ പരമോന്നത നേതാവ് ആയതുല്ലാ അലി ഖാംനഈയുമായും മിശ്അല്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഹമാസിനെ ശക്തമായി പിന്തുണക്കുന്ന രാജ്യമെന്ന നിലക്ക് ഇറാന്‍ ഗസ്സക്ക് പുതിയ സഹായപദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

പി.എല്‍.ഒയെ അംഗീകരിക്കാതെ ഹമാസുമായി ചര്‍ച്ചയില്ലെന്ന് അബ്ബാസ്; ബദല്‍ ഉദ്ദേശ്യമില്ലെന്ന് ഹമാസ്

ഗസ്സ: ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിക്കാത്ത ഒരാളുമായും ചര്‍ച്ചക്കില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റും ഫതഹ് നേതാവുമായ മഹ് മൂദ് അബ്ബാസ്. ഫലസ്തീന്‍ ജനതയുടെ നിയമപരമായ ഏക അതോറിറ്റിയായി പി.എല്‍.ഒയെ അംഗീകരിച്ചാല്‍ മാത്രമേ ഹമാസുമായി ചര്‍ച്ചക്കുള്ളൂവെന്ന് യൂറോപ്യന്‍ പര്യടനം റദ്ദാക്കി അപ്രതീക്ഷിതമായി കെയ്റോയിലെത്തിയ‍ അബൂമാസിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ സംഭവവികാസങ്ങളാണ് അടിയന്തര കെയ്റോ സന്ദര്‍ശനത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി.എല്‍.ഒയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ അവഗണിക്കപ്പെടുന്ന സംഘടനകളുടെ ദേശീയ കൂട്ടായ്മയാണ് ഉദ്ദേശിക്കുന്നതെന്നും പി.എല്‍.ഒക്ക് ബദല്‍ അതോറിറ്റി ലക് ഷ്യമല്ലെന്നും ഹമാസ് നേതാവ് മുഹമ്മദ് നിസാല്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലെ പി.എല്‍.ഒയുടെ സ്ഥിതി വിലയിരുത്തിയാല്‍ അത് ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ലെന്ന് പറയേണ്ടി വരുമെന്ന് ലബനാനിലെ ഹമാസ് വക്താവ് ഉസാമ ഹംദാന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞാശ്ച ദോഹയില്‍ നടന്ന വിജയാഘോഷ ചടങ്ങില്‍ ഹമാസ് പോളിറ്റ് ബ്യൂറോ മേധാവി ഖാലിദ് മിശ്അല്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

ബദല്‍ ഉദ്ദേശ്യമില്ലെന്ന ഹമാസിന്‍റെ വിശദീകരണം തൃപ്തികരവും സ്വീകാര്യവുമാണെന്ന് പി.എല്‍.ഒ മുഖ്യപ്രതിനിധിയും ഫതഹ് കേന്ദ്രകമ്മിറ്റി സെക്രട്ടറിയുമായ ഫാറൂഖ് അല്‍ഖുദൂമി വ്യക്തമാക്കി.