Monday, January 5, 2009
ഗസ്സയെ കുറിച്ച്
അധിനിവേശ വിരുദ്ധ പോരാട്ടത്തിന്‍റെ പ്രതീകമാണിന്ന് ഗസ്സ. ആ ഗസ്സയെ കുറിച്ച പ്രാഥമിക വിവരങ്ങളാണ് താഴെ (വിശദവിവരണം വരും ദിവസങ്ങളില്‍): അധിനിവിഷ്ട ഫലസ്തീനിന്‍റെ നൂറിലൊന്ന് വലുപ്പം മാത്രമുള്ള പ്രദേശമാണ് ഗസ്സ. 360 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ മെഡിറ്ററേനിയന്‍ കടലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗസ്സ മുനമ്പില്‍ ജനസംഖ്യ പതിനഞ്ച് ലക്ഷത്തിലധികം വരും. ജറൂസലം കഴിഞ്ഞാല്‍ ഫലസ്തീനിലെ ഏറ്റവും വലിയ നഗരമായ ഗസ്സ നഗരത്തില്‍ മാത്രം നാല് ലക്ഷം ഫലസ്തീനികളുണ്ട്. 1948ല്‍ സയണിസ്റ്റ് രാഷ്ട്രം സ്ഥാപിതമായതുമുതലുള്ള അഭയാര്‍ഥികളാണ് ജനസംഖ്യയിലധികവും. ചതുരശ്രകിലോമീറ്ററില്‍ ഇരുപത്താറായിരം എന്ന തോതിലാണ് ജനസാന്ദ്രത. അഭയാര്‍ഥി ക്യാമ്പുകളില്‍ ഇത് അമ്പത്തയ്യായിരം വരും. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നാണിത്. നിരവധി അഭയാര്‍ഥി ക്യാമ്പുകളുണ്ട് ഗസ്സയില്‍. റഫാ, ഖാന്‍ യൂനുസ്, ദേര്‍ അല്‍ബലാ, നുസൈറാത്, അല്‍ശാതീ, മഗാസി, അല്‍ബുറൈജ്, ജബലിയാ എന്നിവയാണ് പ്രധാന ക്യാമ്പുകള്‍. 44 ജനവാസ കേന്ദ്രങ്ങളാണ് മുനമ്പിലുള്ളത്.
അതിര്‍ത്തികള്‍
ഏഴ് അതിര്‍ത്തി കവാടങ്ങളാണ് ഗസ്സക്കുള്ളത്. റഫാ, കാര്‍നി, കറം ഷാലോം, ബൈത് ഹാനൂന്‍, അല്‍ഔദ, ശജാഇയ, അല്‍ഖറാറ എന്നിവയാണ് കവാടങ്ങള്‍. ഈജിപ്തുമായി അതിരിടുന്ന റഫാ ഒഴികെയുള്ള ആറ് അതിര്‍ത്തികളും ഇസ്രായേലുമായാണ്. ആറ് അതിര്‍ത്തികളിലും ഇസ്രായേല്‍ സൈന്യത്തിനാണ് ആധിപത്യം.
1948ല്‍ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലമായി ഇസ്രായേല്‍ പിറവിയെടുക്കുന്നത് വരെ ബ്രിട്ടന് കീഴിലായിരുന്നു ഗസ്സ. `48- `56 കാലയളവില്‍ ഈജിപ്തിന്‍റെ കീഴിലായിരുന്നു. `56ല്‍ ഇസ്രായേലിന്‍റെ ഈജിപ്ത് ആക്രമണസമയത്ത് ആറ് മാസം ജൂതരാഷ്ട്രത്തിന് കീഴില്‍. `57 മുതല്‍ വീണ്ടും ഈജിപ്തിന്. `67ലെ അധിനിവേശ വ്യാപന ആക്രമണം മുതല്‍ 2005 വരെ ഇസ്രായേലിന് കീഴിലായിരുന്നു പോരാട്ടത്തിന്‍റെ ഈ മണ്ണ്. 1993ല്‍ ഓസ് ലോ ഉടമ്പടി പ്രകാരം ഫലസ്തീന്‍ അതോറിറ്റിയുടെ സ്വയംഭരണം ലഭിച്ചു. ഹമാസിന്‍റെ നേതൃത്വത്തിലുള്ള ചെറുത്തുനില്പ് പോരാട്ടങ്ങളുടെ ഫലമായി 2005 സെപ്തംബറിലാണ് സയണിസ്റ്റ്സേന ഇവിടെ നിന്ന് പിന്‍വാങ്ങിയത്. 2007സെപ്തംബറില്‍ ഫലസ്തീന്‍ അഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഹമാസിന്‍റെ ആധിപത്യത്തിലാണ് ഗസ്സ. രണ്ട് വര്‍ഷത്തോളമായി ഇസ്രായേലിന്‍റെ ഉപരോധത്തിന് കീഴില്‍ ദുരിതമനുഭവിക്കുകയാണ് ഗസ്സക്കാര്‍. ഉപരോധം കൊണ്ടും മുട്ടുമടക്കാന്‍ ഗസ്സ തയാറാകാതെ വന്നപ്പോഴാണ് അധിനിവേശശക്തി 2008 അവസാനം കനത്ത വ്യോമാക്രമണത്തിന് തുടക്കമിട്ടത്. 2009 ആദ്യദിനങ്ങളില്‍ ഇസ്രായേല്‍ ആക്രമണം കരയുദ്ധത്തിലേക്ക് വളരുകയും ചെയ്തു.
Saturday, January 3, 2009
ഒബാമയുടെ മൗനം
ഇസ്രായേല്‍ സന്ദര്‍ശനവേളയില്‍ ഒബാമ ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബറാക്, വിദേശമന്ത്രി സിപി ലിവ്നി എന്നിവരോടൊപ്പം വിമാനത്തില്‍ ഹമാസാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കുത്തരവാദിയെന്നും അവര്‍ റോക്കറ്റാക്രമണം നിര്‍ത്താതെ ഇസ്രായേല്‍ 'പ്രതിരോധം' നിര്‍ത്തില്ലെന്നും സ്ഥാനമൊഴിയുന്ന ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ പ്രഖ്യാപിത നിലപാടാണത്. എന്നാല്‍ കൊട്ടിഘോഷിക്കപ്പെടുന്ന കറുത്തവര്‍ഗക്കാരനായ പ്രഥമ യു.എസ് പ്രസിഡന്‍റിന്‍റെ നിലപാടെന്താണ്? ലോകത്തിനറിയാന്‍ താല്പര്യമുണ്ട്. ഇവിടെയാണ് ഗസ്സ ആക്രമണത്തില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ മൗനം ശ്രദ്ധേയമാകുന്നത്. ഒബാമയുടെ വരവോടെ ചുരുങ്ങിയത് വിദേശനയത്തിലെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകുമോ? ഇസ്രായേലിനുള്ള മൗനാനുവാദമാണോ ഒബാമയുടേത്? അതല്ല, ആഭ്യന്തര വിമര്‍ശം ഒഴിവാക്കാനുള്ള തന്ത്രപരമായ നിലപാടാണോ?
എന്തുതന്നെയായാലും ഒബാമയുടെ മൗനത്തിനെതിരെ വിവിധകോണുകളില്‍ നിന്ന് ശക്തമായ പ്രതികരണങ്ങളുയര്‍ന്നുകഴിഞ്ഞു. ഒബാമ പെയ്യാതെ പോകുന്ന കാര്‍മേഘമാകുമെന്നതിന്‍റെ സൂചനയാണ് ഇപ്പോഴത്തെ നിശബ്ദതയെന്ന് ഒരുപക്ഷം വിലയിരുത്തുന്നു. എന്നാല്‍ ഏതൊരു അമേരിക്കന്‍ പ്രസിഡന്‍റില്‍ നിന്നും ഇതിലപ്പുറം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണെന്നാണ് മറ്റൊരു പക്ഷം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഒബാമ നടത്തിയ പ്രസ്താവനകള്‍ കണക്കിലെടുക്കുമ്പോള്‍. ഇതൊന്നുമല്ല, തുടക്കത്തില്‍ തന്നെ ജൂതസയണിസ്റ്റ് ലോബിയുടെയും തീവ്രവലതുപക്ഷക്കാരുടെയും വിമര്‍ശം ക്ഷണിച്ചുവരുത്തേണ്ടെന്ന തന്ത്രമാണ് മൗനത്തിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.
ഒബാമയുടെ തുടക്കം നന്നായില്ലെന്ന് ഹമാസ് അഭിപ്രായപ്പെടുന്നു. മുംബൈ ആക്രമണവേളയില്‍ മത്സരിച്ച് പ്രസ്താവന നടത്തിയ ഒബാമ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് ദുരൂഹമാണെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍ വിമര്‍ശിച്ചു.
ഒരു ഹമാസ് നേതാവ് കൂടി കൊല്ലപ്പെട്ടു
ഗസ്സയില്‍ ആക്രമണം നടത്തുന്ന എഫ്-16 പോര്വിമാനംഗസ്സ: ഇസ്രായേലിന്‍റെ വ്യോമാക്രമണത്തില്‍ ഹമാസ് സൈനിക മേധാവികളിലൊരാളായ അബൂ സകരിയ്യാ അല്‍ജമാല്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി നടന്ന ആക്രമണത്തിലാണ് ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ് നേതാക്കളിലൊരാളായ അബൂസകരിയ്യാ രക്ത്സാക്ഷിയായത്. എട്ടാം ദിവസവും തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 434 പേര്‍ മരിക്കുകയും 2280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗസ്സക്ക് വേണ്ടി ചര്‍ച്ചുകളില്‍ പ്രത്യേക പ്രാര്‍ഥനക്ക് ആഹ്വാനം

ജറൂസലം: ഇസ്രായേലിന്‍റെ സംഹാരതാണ്ഡവത്തിനിരയാകുന്ന ഗസ്സക്ക് വേണ്ടി ലോകത്തെങ്ങുമുള്ള ക്രിസ്ത്യന്‍ സമൂഹങ്ങള്‍ പള്ളികളില്‍ നാളെ പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് ഫലസ്തീനിലെ റോമന്‍ ഓര്‍ത്തഡോക്സ് മേധാവി മെത്രാന്‍ അതല്ലാ ഹന്നാ ആഹ്വാനം ചെയ്തു. ഗസ്സയില്‍ ഉപരോധത്തിനും അതിക്രമങ്ങള്‍ക്കും വിധേയമാകുന്ന ജനതക്ക് ക്രിസ്ത്യന്‍ ലോകം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. ഇത്തരം അക്രമങ്ങള്‍ക്ക് നേരെ മൗനം പാലിക്കാന്‍ ക്രിസ്ത്യാനികള്‍ക്കാവില്ല. ഗസ്സക്കാര്‍ക്ക് ദുരിതാശ്വാസമെത്തിക്കുകയും വേണം. പീഡിതരെ സഹായിക്കല്‍ വിശ്വാസപരവും മാനുഷികവുമായ ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Thursday, January 1, 2009
ഇസ്രായേല്‍ ഹമാസ് നേതാക്കളെ ലക് ഷ്യമിടുന്നു
ശഹീദ് നിസാര്‍ റയ്യാന്‍ ഇസ്മാഈല്‍ ഹനിയ്യയോടൊപ്പംഗസ്സ: ഗസ്സക്കെതിരെ തുടര്‍ച്ചയായ ആറാം ദിവസവും അധിനിവേശ സേന ക്രൂരമായ വ്യോമാക്രമണം നടത്തി. ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്‍റെ നേതാക്കളെ ഇസ്രായേല്‍ ലക് ഷ്യമിട്ട് തുടങ്ങിയതായാണ് ഇന്നത്തെ ആക്രമണങ്ങള്‍ തെളിയിക്കുന്നത്. ജബലിയയില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് നേതാവ് ഡോ. നിസാര്‍ റയ്യാന്‍ വധിക്കപ്പെട്ടതാണ് പ്രധാനസംഭവം. ആറ് ദിവസത്തിനിടെ രക്തസാക്ഷിയാകുന്ന ഹമാസിലെ ആദ്യ നേതാവാണിദ്ദേഹം. ജൂതസേന വൈകുന്നേരം നടത്തിയ ബോംബാക്രമണത്തില്‍ റയ്യാനും ഭാര്യയും മൂന്ന് മക്കളുമടക്കം പത്ത് പേരാണ് വധിക്കപ്പെട്ടത്. മുമ്പ് ഹമാസ് പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അദ്ദേഹം പിന്നീട് പഠനരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ഹമാസ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന സഈദ് സിയാമിന്‍റെ കാര്യാലയ മേധാവി ഇബ്രാഹിം സ്വലാഹിന്‍റെ വീടിന് നേരെയും ആക്രമണം നടന്നെങ്കിലും ആരും സ്ഥലത്തില്ലാത്തതിനാല്‍ രക്ഷപ്പെട്ടു. അതേസമയം കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ ആക്രമണത്തില്‍ 414 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 2070 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇസ്രായേല്‍ പ്രദേശങ്ങളിലേക്ക് ഹമാസ് ഇന്നലെയും റോക്കറ്റാക്രമണം തുടര്‍ന്നു.
അതിനിടെ, പാരീസില്‍ ഫ്രഞ്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഇസ്രായേല്‍ വിദേശമന്ത്രി സിപി ലിവ്നി വെടിനിര്‍ത്തല്‍ സാധ്യതകള്‍ വീണ്ടും തള്ളി. ഹമാസിനെ തകര്‍ക്കുന്നതോടൊപ്പം ഫതഹ് നേതൃത്വത്തിലുള്ള സുരക്ഷാ വിഭാഗത്തെ ശക്തിപ്പെടുത്തുകയാണ് ഇസ്രായേല്‍ ലക് ഷ്യമിടുന്നത്.
റൈസിനും ബുഷിനും അറബ് തമ്പുരാക്കന്‍മാരുടെ സമ്മാനപ്രവാഹം
ഗസ്സയില്‍ മനുഷ്യക്കുരുതി തുടരുന്ന ഇസ്രായേലിന് അമേരിക്ക സര്‍വ പിന്തുണയും തുടരുന്നതിനിടെ അറബ് രാഷ്ട്രത്തലവന്‍മാര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസിന് നല്‍കിയ സമ്മാനങ്ങളെക്കുറിച്ച റിപ്പോര്‍ട്ട് പുറത്തുവന്നു. മൂന്ന് ലക്ഷം ഡോളറിലധികം വിലപിടിപ്പുള്ള സമ്മാനങ്ങളാണ് അറബ് ഭരണാധികാരികള്‍ 2008ല്‍ റൈസിന് കാഴ്ചവെച്ചതെന്ന് ബ്രിട്ടീഷ് പത്രം 'ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് സമ്മാനിച്ച 1.65 ലക്ഷം ഡോളര്‍ വിലയുള്ള ബ്രെയ്സ് ലെറ്റും മാലയും കമ്മലും ഇവയില്‍ ഉള്‍പ്പെടും. ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ റൈസിന് നൈവേദ്യം നല്‍കി. ഇറാഖ് അധിനിവേശമാരംഭിച്ച 2003ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന് സൗദി ഭരണാധികാരികള്‍ സമര്‍പ്പിച്ചത് പത്ത് ലക്ഷം ഡോളര്‍ വിലവരുന്ന പെയ്ന്‍റിംഗായിരുന്നു. ആ വര്‍ഷം യു.എ.ഇ ഭരണാധികാരികള്‍ ബുഷിന് നല്‍കിയതാവട്ടെ വജ്രവും മാണിക്യവും പതിച്ച ലക്ഷങ്ങളുടെ പേനയും. അമേരിക്കന്‍ ഭരണാധികാരികളുടെ തൃപ്തി നേടിയെടുക്കാന്‍ സമ്മാനപ്പെരുമഴ പെയ്യിക്കുന്ന അറബ് തമ്പുരാക്കന്‍മാര്‍ക്കാവുന്നില്ലതാനും!
Subscribe to:
Posts (Atom)









