Sunday, September 28, 2008

പശ്ചിമേഷ്യന്‍ ചതുര്‍കക്ഷിസമിതി പക്ഷപാതപരമെന്ന് ഹമാസ്

കഴിഞ്ഞാഴ്ച ചേര്‍ന്ന ചതുര്‍കക്ഷിസമിതി
ഗസ്സ: പശ്ചിമേഷ്യന്‍കാര്യ ചതുര്‍കക്ഷിസമിതിയുടെ തീരുമാനങ്ങള്‍ പക്ഷപാതപരവും അമേരിക്കന്‍ വിധേയത്വം നിറഞ്ഞതുമാണെന്ന് ഫലസ്തീന്‍ ചെറുത്തുനില്പ് പ്രസ്ഥാനമായ ഹമാസ് ആരോപിച്ചു. അമേരിക്കന്‍ സമ്മര്ദത്തിന് വഴങ്ങി സയണിസ്റ്റ് അധിനിവേശകര്‍ക്ക് അനുകൂലമായ നിലപാടുകളാണ് സമിതിയില്‍ നിന്നുണ്ടാകുന്നത്. അധിനിവേശവിരുദ്ധ ചെറുത്തുനില്പിനെ ഭീകരതയായി വിവക്ഷിക്കുന്ന പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല.

ഐക്യരാഷ്ട്രസഭ, അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, റഷ്യ എന്നിവയടങ്ങിയ സമിതി യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് കഴിഞ്ഞാഴ്ച ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നിരുന്നു. കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച സമിതി ഈ വര്‍ഷം തന്നെ ഒത്തുതീര്‍പ്പിലെത്താന്‍ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ പോരാളികളുടെ പ്രതിരോധശ്രമങ്ങളെ ഭീകരതയെന്ന് വിശേഷിപ്പിച്ച സമിതി പ്രമേയം, ഫലസ്തീന്‍ സിവിലിയന്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് കുടിയേറ്റക്കാരോടും ആവശ്യപ്പെട്ടു.

അതേസമയം, സൗദിയുടെ ആവശ്യപ്രകാരം കുറ്റിയേറ്റപ്രശ്നം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി പ്രത്യേക യോഗം ചേര്‍ന്നു. കുടിയേറ്റം തുടരുന്നപക്ഷം ജീവയോഗ്യമായ ഫലസ്തീന്‍ സാക്ഷാത്കരിക്കപ്പെടില്ലെന്ന് സൗദി വിദേശകാര്യമന്ത്രി സഊദ് ഫൈസല്‍ മുന്നറിയിപ്പ് നല്‍കി. ഫലസ്തീന്‍ രാഷ്ട്രസ്വപ്നം മരീചികയായി അവശേഷിക്കുമെന്ന ഭീതിയുണര്‍ത്തുന്നതാണ് കുടിയേറ്റമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസയും അഭിപ്രായപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ 416 കുടിയേറ്റ അപാര്‍ട്മെന്‍റുകള്‍ക്ക് ടെണ്ടര്‍ നല്‍കിയ ഇസ്രായേല്‍ നാനൂറ് യൂനിറ്റുകള്‍ കൂടി നിര്‍മിക്കുമെന്ന് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

ഇസ്രായേലിന് അമേരിക്കയുടെ പുതിയ മിസൈല്‍വേധ സംവിധാനം

ജെറൂസലം: ഇസ്രായേലിന് അമേരിക്ക പുതിയ മിസൈല്‍വേധ സംവിധാനം നല്‍കി. ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുകയെന്ന മുഖ്യലക് ഷ്യത്തോടെയാണ് കഴിഞ്ഞ ആഴ്ച ഇവ തെല്‍അവീവിലെത്തിച്ചത്. മധ്യ,ദീര്‍ഘദൂര മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് സംവിധാനം. ഇറാനുമായി യുദ്ധമുണ്ടാകുന്നപക്ഷം വിവിധദിശകളില്‍ നിന്ന് ഒരേസമയം ആക്രമണത്തിനുപയോഗിക്കുകയെന്ന ലക് ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Saturday, September 27, 2008

ചരിത്രമെഴുതി ബഹിരാകാശത്ത് ചൈനീസ് ചുവടുവെപ്പ്


ബീജിംഗ്: ഒടുവില്‍ ചൈനക്കാരനും ബഹിരാകാശത്ത് ചുവടുവെച്ചു. സായ് ഷിഗാങ്(Zhai Zhigang) ആണ് ബഹിരാകാശത്ത് നടന്ന ആദ്യ ചൈനീസ് യാത്രികന്‍. ചൈനയുടെ ബഹിരാകാശ വാഹനമായ ഷെന്‍സൂ -VIIല്‍ നിന്നാണ് ഇന്ന് (ശനി)അദ്ദേഹം ബഹിരാകാശത്തേക്കിറങ്ങിയത്. പതിനഞ്ച് മിനിറ്റ് നടന്ന അദ്ദേഹത്തിലൂടെ അമേരിക്കക്കും റഷ്യക്കും ശേഷം ബഹിരാകാശത്തിറങ്ങുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറി. ചെറിയ ചൈനീസ് പതാകയേന്തിയാണ് അദ്ദേഹം പേടകത്തിന് പുറത്തിറങ്ങിയത്. ചൈനീസ് ടി.വി ഇതിന്‍റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു. ലഘുഭക്ഷണ വില്പനക്കാരന്‍റെ മകനായ 41കാരനായ സായിക്ക് കൂട്ടായി ലിയു ബൊമിങും പേടകത്തിലുണ്ടായിരുന്നു.`ഏറെ സന്തോഷം തോന്നുന്നു. മുഴുവന്‍ ചൈനക്കാര്‍ക്കും മുഴുലോകത്തിനും എന്‍റെ അഭിവാദ്യങ്ങള്‍`- സായ് പറഞ്ഞു. ബഹിരാകാശരംഗത്ത് ചൈനയുടെ കുതിപ്പിന് വഴിത്തിരിവൊരുക്കിയ ഷായിയെ ചൈനീസ് പ്രസിഡന്‍റ് ഹു ജിന്‍റാവൊ അഭിനന്ദിച്ചു.
അവലംബം: റോയിട്ടേഴ്സ്

Monday, September 15, 2008

ഈജിപ്ത് വിടാന്‍ പൗരന്‍മാരോട് ഇസ്രായേല്‍

ജറൂസലം: ഈജിപ്തിലെ സീനാ ഉപദ്വീപിലുള്ള തങ്ങളുടെ പൗരന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ഇസ്രായേല്‍ അടിയന്തര നിര്‍ദേശം നല്‍കി. തട്ടിക്കൊണ്ടുപോകല്‍ ഭീഷണിയുള്ളതിനാല്‍ ഉടന്‍ തിരിച്ചെത്തണമെന്ന് വിനോദസഞ്ചാരാര്‍ഥവും മറ്റും ഈജിപ്തിലെത്തിയവരോട് ഇസ്രായേല്‍ പ്രധാനമന്ത്രി കാര്യാലയത്തിന് കീഴിലെ ഭീകരവിരുദ്ധ കേന്ദ്രം ആവശ്യപ്പെട്ടു. ഇസ്രായേല്‍ പൗരന്‍മാരെ ബന്ദികളാക്കി ഗസ്സയിലേക്ക് കടത്താന്‍ ഹിസ്ബുല്ല പോരാളികളും മറ്റും പദ്ധതിയിട്ടതായി കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്തിലുള്ള ബന്ധുക്കള്‍ തിരികെവരാന്‍ നിര്‍ബന്ധിക്കണമെന്ന് സ്വദേശത്തുള്ള പൗരന്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അറബ്, മുസ്ലിം നാടുകള്‍ സന്ദര്‍ശിക്കുന്നവരും ജാഗ്രത പാലിക്കണം. ഇസ്രായേല്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഈജിപ്ഷ്യന്‍ സുരക്ഷാ വിഭാഗങ്ങള്‍ യത്നിക്കുമെന്ന് കേന്ദ്രം മേധാവി ജനറല്‍ നൈതാന്‍ റോയല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.വിദേശരാജ്യത്തുള്ള തങ്ങളുടെ ഏതാനും പൗരന്‍മാരെ റാഞ്ചാനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബറാക് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
അവലംബം: അല്‍ജസീറ

Monday, August 25, 2008

ഉപരോധം ലംഘിച്ചെത്തിയ ബോട്ടുകള്‍ക്ക് ഗസ്സയില്‍ ഊഷ്മള വരവേല്പ്


ഗസ്സ: ഗസ്സ ചീന്തിന് മേലുള്ള ഇസ്രായേലി ഉപരോധം ലംഘിച്ചെത്തിയ രണ്ട് ബോട്ടുകള്‍ക്ക് ഗസ്സ വാസികള്‍ ഊഷ്മള സ്വീകരണം നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ നിലനില്‍ക്കുന്ന ഉപരോധം മറികടന്ന് പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള 44 പേരുമായാണ് `ലിബര്‍ട്ടി`യും `സ്വതന്ത്ര ഗസ്സ`യും ഗസ്സ തീരത്തണഞ്ഞത്.സൈപ്രസ് ദ്വീപില്‍ നിന്നെത്തിയ ബോട്ടുകളില്‍ അധികവും അമേരിക്കന്‍- ബ്രിട്ടീഷ് സമാധാന പ്രവര്‍ത്തകരാണ്. നിയമജ്ഞരും ഭിഷഗ്വരന്‍മാരും മാധ്യമ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും സംഘത്തിലുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെ ഭാര്യാ സഹോദരി ലോറന്‍ ബോത് ആണ് ഇവരില്‍ പ്രമുഖ.
ഖേഫ് ഹെല്‍വര്‍
ഒരു ഇസ്രായേല്‍ പൗരനും സംഘത്തിലുണ്ട്. സമാധാന പ്രവര്‍ത്തകനായ പ്രൊഫസര്‍ ഖേഫ് ഹെല്‍വര്‍‍ ആണ് ഗസ്സയിലെത്തിയ ഏക ഇസ്രായേലി. ഉപരോധ ലംഘന യാത്രയില്‍ ഇസ്രായേലി സമാധാന പ്രവര്‍ത്തകരുടെ അഭാവത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഗസ്സക്കാര്‍ തനിച്ചല്ലെന്ന സന്ദേശമുയര്‍ത്തിയുള്ള യാത്ര കേവല പ്രതീകാത്മകമല്ല. ഗസ്സയും പുറം ലോകവും തമ്മില്‍ ബന്ധം പുന:സ്ഥാപിക്കാന്‍ ഇത് വഴിയൊരുക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിന് അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കണം. ഉപരോധത്തോടുള്ള അറബ് ലീഗിന്‍റെ നിസ്സംഗ നിലപാട് തിരുത്തണം. ഗസ്സയിലെത്തിയ തങ്ങളോടുള്ള ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ സമീപനം ഗൗരവപൂര്‍വമല്ലാത്തത് നിരാശപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

ഇസ്രായേലില്‍ തിരിച്ചെത്തിയാല്‍ ഹെല്‍വറിനെതിരെ നടപടിയുണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ താന്‍ അത് ഗൗനിക്കുന്നില്ലെന്നും ന്യായവും സത്യവുമാണ് തനിക്ക് വിലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അവലംബം: അല്‍ജസീറ

Saturday, August 16, 2008

ഇസ്രായേല്‍ പൗരന്‍മാരുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു

ജെറൂസലം: അധിനിവേശ രാഷ്ട്രമായ ഇസ്രായേലില്‍ നിന്ന് പൗര‍ന്‍മാരുടെ ഒഴിഞ്ഞുപോക്ക് വര്‍ഷം തോറും വര്‍ധിക്കുന്നു. 2006ല്‍ 22400 ഇസ്രായേലികള്‍ നാട് വിട്ടതായി ഇസ്രായേല്‍ സെന്‍ട്രല്‍ സെന്‍സസ് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2005ല്‍ 21500 പേരാണ് ഇസ്രായേലില്‍ നിന്ന് കുടിയൊഴിഞ്ഞു പോയത്. ഇസ്രായേലിലേക്ക് തിരികെയെത്തുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പുറത്തുപോകുന്നവരില്‍ നല്ലൊരു പങ്കും ഇവിടെ പിറന്നവരല്ല. ഇവരില്‍ മൂന്നിലൊന്നും മുമ്പ് സോവിയറ്റ് റഷ്യയില്‍ നിന്ന് കുടിയേറിയവരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷത്തെ സെന്‍‍സസ് പ്രകാരം 73 ലക്ഷമാണ് സയണിസ്റ്റ് രാഷ്ട്രത്തിലെ ജനസംഖ്യ.
അവലംബം: എഫ്.പി

Tuesday, August 5, 2008

ദേശദ്രോഹ പ്രവര്‍ത്തനത്തിന് ബഹായികള്‍ക്കെതിരെ ഇറാനില്‍ കേസ്

ഇസ്രായേലുമായി സഹകരിച്ച് ദേശദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്നാരോപിക്കപ്പെട്ട ഏഴ് ബഹായികള്‍ക്കെതിരെ ഇറാനില്‍ വിചാരണ ആരംഭിച്ചു. നിയമവിരുദ്ധമായി സംഘടന രൂപവത്കരിച്ച് ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചുവെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി ഇറാനിയന്‍ പത്രം `രിസാലാത്` റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സ്ത്രീകളുള്‍പ്പെട്ട സംഘത്തെ മാര്‍ച്ചിലും മേയിലുമായാണ് സുരക്ഷാ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.


1979-ലെ ഇറാന്‍ വിപ്ലവാനന്തരം നൂറുകണക്കിന് ബഹായി വിശ്വാസികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തെന്ന് ആഗോള ബഹായി നേതൃത്വം ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ഇത് പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്.