Sunday, August 3, 2008

ഇസ്രായേലില്‍ നിന്ന് തിരിച്ചെത്തിയ ഫതഹ് പ്രവര്‍ത്തകര്‍ ഹമാസ് കസ്റ്റഡിയില്‍

ഗസ്സ: ഇസ്രായേലിലേക്ക് ഓടിപ്പോയവരില്‍ തിരിച്ചെത്തിയ മുപ്പതോളം ഫതഹ് പ്രവര്‍ത്തകരെ ഹമാസ് അധീനതയിലുള്ള സുരക്ഷാ സൈന്യം കസ്റ്റഡിയിലെടുത്തു. ഇസ്രായേല്‍ അഭയം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഗസ്സയില്‍ തിരിച്ചെത്തിയത്. അതേസമയം, ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് അവരെ തിരിച്ചയച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യഹൂദ് ബറാക് വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കിയത് ഭീകരതയെ എതിര്‍ക്കുകയും സമാധാന ശ്രമങ്ങളെ പിന്തുണക്കുകയും ചെയ്യുന്നവര്‍ക്കുള്ള സഹായമാണെന്ന് ഇസ്രായേല്‍ വക്താവ് ചൂണ്ടിക്കാട്ടി.


ഒമ്പത് പേരുടെ മരണത്തിലും 95 പേര്‍ പരിക്കേല്‍ക്കുന്നതിലും കലാശിച്ച ഗസ്സയിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്നാണ് 180 ഫതഹ് പ്രവര്‍ത്തകര്‍ ഇസ്രായേലില്‍ അഭയം തേടിയത്. പരിക്കേറ്റവരെ ചികിത്സിക്കാന്‍ തയാറായ ഇസ്രായേല്‍ മറ്റുള്ളവരെ തിരിച്ചയക്കുകയാണുണ്ടായത്. ഇനിയും തിരിച്ചെത്താത്തവരുടെ മടക്കകാര്യം ഇസ്രായേല്‍ അധികൃതരുമായി കൂടിയാലോചിക്കുന്നതായി ഫതഹ് നേതാവ് ഹുസൈന്‍ ശൈഖ് വെളിപ്പെടുത്തി. അതേസമയം, ക്രമസമാധാനപ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ മാത്രമേ നിയമനടപടിയെടുക്കൂവെന്ന് ഹമാസ് വക്താവ് സാമി അബൂസുഹ് രി പറഞ്ഞു. കസ്റ്റഡിയിലെടുത്തിരുന്നവരെ ഹമാസും ഫതഹും പരസ്പരം കൈമാറിയിരുന്നു.

സുഡാന്‍- ഛാഡ് ഒത്തുതീര്‍പ്പിന് ലിബിയന്‍ ശ്രമം


ഖാര്‍ത്തൂം: നയതന്ത്ര ബന്ധം പഴയനിലയിലാക്കാനും പരസ്പര വിദ്വേഷ പ്രചാരണം അവസാനിപ്പിക്കാനും അയല്‍രാജ്യങ്ങളായ സുഡാനും ഛാഡും ധാരണയായി. ഇരു പ്രസിഡന്‍റുമാരും ലിബിയന്‍ പ്രസിഡന്‍റ് മുഅമ്മര്‍ ഖദ്ദാഫിയും ചേര്‍ന്ന ത്രികക്ഷി ഉച്ചകോടി സംബന്ധിച്ചും ധാരണയായതായി സുഡാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (സുനാ) റിപ്പോര്‍ട്ട് ചെയ്തു. ഖദ്ദാഫിയുടെ പ്രത്യേക ദൂതന്‍ അബ്ദുസ്സലാം അല്‍തുറൈകി സുഡാന്‍ പ്രസിഡന്‍റ് ഉമറുല്‍ ബശീറുമായും ഛാഡ് പ്രസിഡന്‍റ് ഇദ് രീസ് ദിബെയുമായും നടത്തിയ കൂടിക്കാഴ്ചകളെ തുടര്‍ന്നാണ് ഈ പുരോഗതിയുണ്ടായത്. ലിബിയ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇരു നേതാക്കളും അംഗീകരിച്ചതായി തുറൈകി വെളിപ്പെടുത്തി. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കും ലിബിയ മുന്‍കൈയെടുക്കും. ലിബിയന്‍ പ്രതിനിധിയുടെ പ്രസ്താവന ഇരു രാജ്യങ്ങളും ഔദ്യോഗികകമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Saturday, August 2, 2008

പത്ത് സോമാലിയന്‍ മന്ത്രിമാര്‍ രാജിവെച്ചു

സോമാലിയന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും
മൊഗദീശു: പതിനഞ്ചംഗ സോമാലിയന്‍ മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാര്‍ രാജിവെച്ചു. പ്രസിഡന്‍റ് അബ്ദുല്ല യൂസുഫിനെ അനുകൂലിക്കുന്ന പത്ത് മന്ത്രിമാരാണ് രാജി നല്‍കിയത്. രാജി പ്രസിഡന്‍റ് സ്വീകരിച്ചതോടെ പ്രധാനമന്ത്രി നൂര്‍ ഹസന്‍ ഹുസൈന്‍ പ്രധാനമന്ത്രിയായ ഇടക്കാല സര്‍ക്കാര്‍ രാജിവെക്കാന്‍ നിര്‍ബന്ധിതമായി. പ്രധാനമന്ത്രിയുടെ കീഴില്‍ തുടരാനാവില്ലെന്ന് സ്ഥാനമൊഴിഞ്ഞ മന്ത്രിമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പൊതുസ്വത്ത് ദുര്‍വിനിയോഗം ചെയ്ത പ്രധാനമന്ത്രി ദേശസുരക്ഷ കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതായി മന്ത്രിമാര്‍ ആരോപിച്ചു. പ്രസിഡന്‍റും പ്രധാനമന്ത്രിയും തമ്മിലുള്ള വടംവലി ഇതോടെ രൂക്ഷമായി.
1991 മുതല്‍ രൂക്ഷമായ ആഭ്യന്തര യുദ്ധങ്ങളുടെ പിടിയിലാണ് ആഫ്രിക്കന്‍ കൊമ്പിലെ ഈ രാജ്യം. ഇക്കാലയളവില്‍ പരീക്ഷിക്കപ്പെട്ട പതിനാലാം മന്ത്രിസഭയാണിപ്പോള്‍ നിലംപതിക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷാരംഭം മുതല്‍ രക്തരൂക്ഷിതമായ സംഘര്‍ഷത്തില്‍ എണ്ണായിരം സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്.

Tuesday, July 22, 2008

വനിതാ എം.പിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു


ജെറൂസലം: ഫലസ്തീന്‍ `ഭീകരര്‍`‍ക്കെതിരെ ഇസ്രായേല്‍ നടപടി തുടരുന്നു. ഹമാസിന്‍റെ വനിതാ എം.പിയെയും പതിനാല് ബിസിനസുകാരെയും അറസ്റ്റ് ചെയ്തതാണ് ഈ പരമ്പരയില്‍ ഏറ്റവും പുതിയ നീക്കം.

ഹമാസ് എം.പി മുനാ മന്‍സൂറാണ് പിടിയിലായത്. നാബുലസില്‍ ഈ മാസം ഇസ്രായേല്‍ അടച്ചുപൂട്ടിയ പ്രമുഖ ഷോപ്പിംഗ് സെന്‍റര്‍ ഉടമകളായ 14 പേരെയാണ് ഹമാസിന് വേണ്ടി ധനസമാഹരണം നടത്തുന്നുവെന്നാരോപിച്ച് സൈന്യം പിടികൂടിയത്. ആരോപണം ഇവര്‍ നിഷേധിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ നടപടിയുടെ ഭാഗമാണ് അറസ്റ്റെന്ന് ഇസ്രായേല്‍ വക്താവ് പറഞ്ഞു.

അവലംബം: അല്‍അറബിയ്യ

കണ്ണുകെട്ടിയ ഫലസ്തീനിയോട് ഇസ്രായേല്‍ ക്രൂരത


ഗസ്സ: കൊടുംക്രൂരതകള്‍ക്ക് പേരുകേട്ടതാണ് സയണിസ്റ്റ് സേന. ഫലസ്തീനി സിവിലിയന്‍ യുവാവിനോടുള്ള ഇസ്രായേലി സൈനികരുടെ ക്രുര ചെയ്തികള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. പിടിയിലായ യുവാവിനെ ഇരുകൈകളും പിന്നിലേക്ക് കെട്ടി കണ്ണ് കെട്ടിയ ശേഷം റബര്‍ ബുള്ളറ്റ് പ്രയോഗിക്കുന്ന ചിത്രങ്ങള്‍ ഞെട്ടലോടെയാണ് ലോകം വീക്ഷിച്ചത്.പതിനാല് വയസുള്ള ഫലസ്തീനി പെണ്‍കുട്ടിയാണ് അധിനിവേശകരുടെ ക്രൂരത കാമറയില്‍ പകര്‍ത്തിയത്.

ഈ മാസം ഏഴിന് പടിഞ്ഞാറെ കരയില്‍ (വെസ്റ്റ് ബാങ്ക്) നടന്ന വിഭജന മതിലിനെതിരായ പ്രതിഷേധ പ്രകടനത്തിനിടെയാണ് അശ്റഫ് അബൂറഹ് മ(27)യെ ഭടന്‍മാര്‍ കസ്റ്റഡിയിലെടുത്തത്. കൈകള്‍ ബന്ധിച്ച് കണ്ണുകെട്ടി സൈനിക വാഹനത്തിനരികെ കൊണ്ടുപോയി റബര്‍ ബുള്ളറ്റ് കൊണ്ട് വെടിവെക്കുകയായിരുന്നു. പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ യുവാവ് പരാതി നല്‍കിയിട്ടില്ല. പട്ടാള അച്ചടക്കത്തിന് നിരക്കാത്തതാണ് സംഭവമെന്ന് ഇസ്രായേല്‍ സേനാ വൃത്തങ്ങള്‍ പ്രതികരിച്ചു

Monday, July 21, 2008

ഇസ്രായേല്‍ ഭീഷണിയെ ഭയമില്ല - സമീര്‍ ഖന്‍ത്വാര്‍


ബെയ്റൂത്ത്: തനിക്കെതിരായ ഇസ്രായേലിന്‍റെ വധഭീഷണിയെ ഒട്ടും ഭയമില്ലെന്ന് കഴിഞ്ഞാഴ്ച ഇസ്രായേലി തടവില്‍ നിന്ന് മോചിതനായ ലബനീസ് പോരാളി സമീര്‍ അല്‍ഖന്‍താര്‍. അവരുടെ തടങ്കലില്‍ പോലും ഭയമില്ലാതിരുന്ന താന്‍ സ്വന്തം നാട്ടില്‍ അവരെ പേടിക്കുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. തന്‍റെ ബാക്കി ജീവിതം ചെറുത്തുനില്പ് സമരങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. സായുധ പോരാട്ടത്തില്‍ എന്ത് ചുമതല ഏറ്റെടുക്കാനും തയാറാണ്. പോരാടാനും രക്തസാക്ഷിയാകാനും ഒരുക്കമാണ്.

പോരാളികളുടെ ഉറച്ച നിലപാടാണ് തന്‍റെ മോചനം സാധ്യമാക്കിയതെന്ന് ഖന്‍താര്‍ പറഞ്ഞു. ഫലസ്തീന്‍ പോരാളികളും ഈ പാത അനുധാവനം ചെയ്യണം. നയതന്ത്ര ചര്‍ച്ചകള്‍ ഈ രംഗത്ത് ഒന്നും നേടിത്തരില്ല. പോരാട്ടം മാത്രമാണ് പോംവഴി. ഫലസ്തീന്‍ പൂര്‍ണമായി വിമോചിക്കപ്പെടും വരെ അത് തുടരണമെന്ന് സമീര്‍ അഭിപ്രായപ്പെട്ടു.
1979ല്‍ അധിനിവിഷ്ട ഫലസ്തീനില്‍ നിന്നാണ് അധിനിവേശ സേന അദ്ദേഹത്തെ പിടികൂടിയത്. സൈനികനടക്കം നാല് ഇസ്രായേലികളെ വധിച്ച സമീര്‍ ഖന്‍ത്വാറിനെ ഈ മാസം പതിനേഴിനാണ് സയണിസ്റ്റ് സൈന്യം മോചിപ്പിച്ചത്. 2006ലെ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട രണ്ട് ഇസ്രായേലി സൈനികരുടെ ഭൗതികാവശിഷ്ടത്തിന് പകരമായാണ് സമീറടക്കം ഏതാനും ലബനാനി പോരാളികളെ കൈമാറിയത്.

അവലംബം : അല്‍ജസീറ