Thursday, June 12, 2008

ഫതഹിന്‍റെ കാലം അസ്തമിച്ചു; ഫലസ്തീന്‍റെ ഭാവി പോരാളികളില്‍- അസ്സാം തമീമി


ദോഹ: ഫലസ്തീന്‍ ചരിത്രത്തില്‍ ഫതഹിന്‍റെ കാലം കഴിഞ്ഞെന്നും ഭാവി പോരാട്ടസംഘടനകളുടേതാണെന്നും ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് പൊളിറ്റിക്കല്‍ തോട്ട് ഡയറക്ടര്‍ അസ്സാം തമീമി. ചെറുത്തുനില്പ് അജണ്ട കയ്യൊഴിഞ്ഞ് ഫലസ്തീന് നഷ്ടം മാത്രം സമ്മാനിക്കുന്ന `സമാധാന`ശ്രമങ്ങളുടെ പിറകെ പോയതോടെ ഫതഹിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു. ഹമാസ് പിറവിയെടുക്കാനുള്ള മുഖ്യകാരണം ഫതഹിന്‍റെ ഈ നിലപാട് മാറ്റമായിരുന്നെന്ന് ദോഹയിലെ അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു
പോരാട്ടം മാത്രമാണ് ഫലസ്തീന് മുമ്പിലെ ഏകമാര്‍ഗം. പോരാട്ടസംഘടനകളുടെ വിജയം സമയത്തിന്‍റെ മാത്രം പ്രശ്നമാണ്. വൈകിയാണെങ്കിലും പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. കാരണം ആറു പതിറ്റാണ്ടായി ഫലസ്തീന്‍ ജനത അനീതിയുടെ ദുരിതം നേരിടുകയാണ്. അന്തിമവിജയം നീതിയുടെ പക്ഷത്തിനാവുകയെന്നത് ചരിത്രത്തിന്‍റെ അനിവാര്യ പരിണതിയാണ്. ഇപ്പോള്‍ ഫതഹിന്‍റെ പേരില്‍ സംസാരിക്കുന്നവര്‍ നിക്ഷിപ്ത താലപര്യങ്ങളുള്ളവരാണ്. സമാധാനത്തിന്‍റെ പേരില്‍ കച്ചവടം നടത്തുകയാണവര്‍. അതിനാല്‍ ഫലസ്തീന്‍ ജനതയെയല്ല, ഫതഹ് എന്ന കക്ഷിയെ മാത്രമാണവര്‍ പ്രതിനിധീകരിക്കുന്നത്. ഹമാസിനെ ശത്രുവായി കാണുന്ന ഫതഹ് നിലപാട്, അധിനിവേശ താല്പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്നവരുടെ കഥ കഴിക്കുകയെന്ന അമേരിക്കന്‍- സയണിസ്റ്റ് പദ്ധതിക്ക് ശക്തി പകരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
അഭയാര്‍ഥികളുടെ തിരിച്ചുവരാനുള്ള അവകാശം ഒരിക്കലും വിലപേശലിന് വിധേയമാക്കരുത്. ലക്ഷക്കണക്കിന് വരുന്ന ഫലസ്തീനികളുടെ സ്വപ്നമാണത്. അത്തരം അടിസ്ഥാന സംഗതികളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് പ്രശ്നപരിഹാരം സാധ്യമല്ല. കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്നതാണ് നിലനില്‍ക്കുന്ന അന്താരാഷ്ട്ര നിയമമെന്ന് അദ്ദേഹം പരിഹസിച്ചു. ഫലസ്തീന്‍ പ്രശ്നം അന്നാട്ടുകാരുടെ മാത്രം പ്രശ്നമല്ല
അതേസമയം, ഇസ്രായേലിന്‍റെ ഭാവിയെക്കുറിച്ച് പാശ്ചാത്യലോകത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടുതുടങ്ങിയതായി അദ്ദേഹം വിലയിരുത്തി. പാശ്ചാത്യ പിന്തുണയുള്ള സയണിസ്റ്റ് അജണ്ട ജൂതന്‍മാരെ ഒരുമിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ലോകത്തെവിടെ സമാധാനം ലഭിച്ചാലും ഇസ്രായേലില്‍ തങ്ങള്‍ക്ക് സ്വൈര്യമുണ്ടാകില്ലെന്ന് അവര്‍ക്ക് ബോധ്യമായിരിക്കുന്നു. ഇസ്രായേല്‍ സ്ഥാപിതമായതിന്‍റെ അറുപതാം വാര്‍ഷികാഘോഷം കെങ്കേമമാക്കാന്‍ ഈ പരാജയഭീതിയാണ് സയണിസ്റ്റുകള്‍ക്ക് പ്രേരണയായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

Wednesday, May 14, 2008

ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിനൊപ്പം ( ഫയല്‍ ചിത്രം - റോയിട്ടേഴ്സ്

Monday, May 12, 2008

തുറാബിയെ വിട്ടയച്ചു


ഖാര്‍ത്തൂം : ഇന്ന് രാവിലെ അറസ്റ്റിലായ സുഡാന്‍ പ്രതിപക്ഷ നേതാവ് ഹസന്‍ അല്‍തുറാബിയെ സുരക്ഷാ വിഭാഗം വിട്ടയച്ചു. അറസ്റ്റിലായ മറ്റ് പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെയും വിട്ടയച്ചിട്ടുണ്ട്. ഖാര്‍ത്തൂമിലെ പ്രാന്ത പ്രദേശമായ ഉംദുര്‍മാനില്‍ വിമത കക്ഷിയായ ജസ്റ്റിസ് ആന്‍റ് ഇക്വാലിറ്റി മൂവ്മെന്‍റ് ( ജെം )നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പതിനെട്ട് മണിക്കൂറിന് ശേഷമാണ് വിട്ടയച്ചതെന്ന് അദ്ദേഹത്തിന്‍റെ മകള്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ പോപുലര്‍ കോണ്‍ഗ്രസിന് ജെമുമായി ബന്ധമുണ്ടെന്ന ആരോപണം തുറാബി പൂര്‍ണമായും നിഷേധിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി
പതിനെട്ട് വാഹനങ്ങളില്‍ രാവിലെ വീട്ടിലെത്തിയ ഇരുപതോളം സായുധ സൈനികര്‍ തുറാബിയെ കൂപ്പര്‍ ജയിലിലേക്കും അവിടെ നിന്ന് കണ്ണ് കെട്ടി മറ്റൊരിടത്തേക്കും ചോദ്യ ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നു
തുറാബിയെ അറസ്റ്റ് ചെയ്ത നടപടി പോപുലര്‍ കോണ്‍ഗ്രസിനെതിരായ ഭരണകൂട ഗൂഡാലോചനയാണെന്ന് വക്താവ് ആരോപിച്ചു. അതേസമയം തുറാബിയെയും മറ്റും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്നും വിമതരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനുള്ള സുരക്ഷാ വകുപ്പിന്‍റെ സ്വാഭാവിക നടപടിക്രമമാണെന്നും പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് മുസ്ത്വഫാ ഉസ്മാന്‍ ഇസ്മാഈല്‍ വ്യക്തമാക്കി

അവലംബം : അല്‍ജസീറ

ഹസന്‍ തുറാബി അറസ്റ്റില്‍


ഖാര്‍ത്തൂം : പ്രതിപക്ഷ നേതാവ് ഹസന്‍ തുറാബിയെ സുഡാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. മൂന്ന് പ്രമുഖടക്കം അദ്ദേഹത്തിന്‍റെ പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പത്ത് നേതാക്കളെയും സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഖാര്‍ത്തൂമിലെ ഉംദുര്‍മാന്‍ ജില്ലയില്‍ വിമത കക്ഷിയായ ജസ്റ്റിസ് ആന്‍റ് ഇക്വാലിറ്റി മൂവ്മെന്‍റ് ( ജെം ) നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് അറസ്റ്റെന്ന് സുഡാന്‍ പ്രസിഡന്‍റിന്‍റെ മാധ്യമ ഉപദേഴ്ടാവ് മഹ്ജൂബ് ഫദ്ല്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു
ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ നിന്നാണ് അറസ്റ്റ് നടന്നത്. ബശീര്‍ ആദം റഹ് മ, അബൂബക്കര്‍ അബ്ദുറസാഖ്, കമാല്‍ ഉമര്‍ അല്‍അമീന്‍ എന്നിവരാണ് അറസ്റ്റിലായ പ്രമുഖ നേതാക്കള്‍. ജെമിന്‍റെ അനുയായികളെ അറസ്റ്റ് ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ജെമുമായി തുറാബിയുടെ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. എന്നാല്‍ ആരോപണം തീര്‍ത്തും നിഷേധിച്ചുവരികയാണ് പാര്‍ട്ടി
തങ്ങള്‍ക്ക് തുറാബിയുമായി ബന്ധമൊന്നുമില്ലെന്ന് ജെം വക്താവ് അഹ് മദ് ഹുസൈന്‍ ആദം വ്യക്തമാക്കി. ജെം പൂര്‍ണമായും സ്വതന്ത്ര കക്ഷിയാണ്. കഴിഞ്ഞ ദിവസം ഉം ദര്‍മാനില്‍ ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ജെമിന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഖാര്‍ത്തൂമില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു

Saturday, May 10, 2008

ലബനാനില്‍ സംഘര്‍ഷാവസ്ഥ നീങ്ങുന്നു



ബെയ്റൂത്ത് : ലബനാനില്‍ രണ്ട് ദിവസത്തിലേറെയായി നിലനിന്ന സംഘര്‍ഷാവസ്ഥക്ക് ശമനമാവുന്നു. പ്രതിപക്ഷമായ ഹിസ്ബുല്ലയുടെ സായുധ പോരാളികള്‍ തെരുവുകളില്‍ നിന്ന് പിന്‍മാറിത്തുടങ്ങിയതോടെ നിയന്ത്രണം സര്‍ക്കാര്‍ സേന ഏറ്റെടുത്തിട്ടുണ്ട്. ഹിസ്ബുല്ലയുടെ സ്വകാര്യ ടെലിഫോണ്‍ ശൃംഖല നിയവിരുദ്ധമായി പ്രഖ്യാപിച്ച നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതാണ് സംഘര്‍ഷാവസ്ഥക്ക് അറുതി വരുത്തിയത്

ഹിസ്ബുല്ലക്കെതിരായ സര്‍ക്കാര്‍ തീരുമാനത്തില്‍ അന്തിമ നിലപാടെടുക്കാന്‍ സൈന്യത്തിന് അധികാരം നല്‍കിക്കൊണ്ടുള്ള പ്രധാനമന്ത്രി ഫുആദ് സിനിയോറയുടെ പ്രഖ്യാപനത്തിന് തൊട്ടുടനെ ഹിസ്ബുല്ലക്കെതിരായ നീക്കം റദ്ദാക്കിയതായി സൈന്യം അറിയിക്കുകയായിരുന്നു. സായുധ സംഘാടനം നിരോധിച്ച സേന സായുധ പോരാളി ഗ്രൂപ്പുകള്‍ തെരുവുകളില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഇതെതുടര്‍ന്നാണ് പോരാളികള്‍ പിന്‍മാറിത്തുടങ്ങിയത്. ഇതോടെ ആഭ്യന്തര യുദ്ധത്തിന്‍റെ വക്കില്‍ നിന്ന് തല്‍കാലം രക്ഷപ്പെട്ട ആശ്വാസത്തിലാണ് ലബനാന്‍

കഴിഞ്ഞ ദിവസങ്ങളില്‍ ബെയ്റൂത്തിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്

അവലംബം : അല്‍ജസീറ

റഫാ അതിര്‍ത്തി ഈജിപ്ത് തുറന്നു


ഗസ്സ : ഈജിപ്ത് അധികൃതര്‍ റഫാ അതിര്‍ത്തി തുറന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് ഫലസ്തീനികള്‍ ഈജിപ്തിലെത്തി. ഹമാസുമായുണ്ടാക്കിയ ധാരണപ്രകാരമാണ് ഈജിപ്ത് ഇന്ന് അതിര്‍ത്തി തുറന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ള 550ലധികം ഫലസ്തീനികള്‍ അതിര്‍ത്തി കടന്നതായി ഫലസ്തീന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരില്‍ ഇരുന്നൂറ് പേര്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരാണ്

ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയാറാകാത്ത പക്ഷം റഫാ അതിര്‍ത്തി തുറക്കാമെന്ന് ഈജിപ്ത് പോരാട്ട സംഘടനയായ ഹമാസിന് വാഗ്ദാനം നല്‍കിയിരുന്നു. മൂന്ന് ദിവസം റഫാ തുറന്നിടുമെന്നാണ് കെയ്റോയുടെ വാഗ്ദാനമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ രിദ് വാന്‍ അറിയിച്ചു. അതുപ്രകാരമാണ് ഇന്നലെ രോഗികളായവര്‍ അതിര്‍‍ത്തി കടന്നത്. ഇന്ന് ഫലസ്തീനിലുള്ള ഈജിപ്തുകാര്‍ക്കും നാളെ ഈജിപ്തിലുള്ള ഫലസ്തീനികള്‍ക്കും അതിര്‍ത്തിയിലൂടെ യാത്ര ചെയ്യാനാവുമെന്ന് അദ്ദേഹം പറഞ്ഞു
അവലംബം : എ എഫ് പി